ജെയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ മത്സരത്തിനൊരുങ്ങി ഇന്ത്യാ മുന്നണി. സിക്കര്‍, ബിക്കാനീര്‍, ശ്രീഗംഗാനഗര്‍, ചുരു, ഝുന്‍ജുനു, നാഗോര്‍ ലോക് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഇതില്‍ സിക്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അമ്രാറാണ് മത്സരിക്കുന്നത്. നാഗോറില്‍ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും, ബിക്കാനീര്‍, ഗംഗാനഗര്‍, ചുരു, ഝുന്‍ജുനു എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഭാരതീയ ആദിവാസി പാര്‍ട്ടിയെ (ബി.എ.പി)കൂടെ കൂട്ടാനുള്ള ചര്‍ച്ചകളും ഇന്ത്യാ മുന്നണിയില്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലകളിലെ പല മണ്ഡലങ്ങളിലും സി.പി.ഐ.എം ഒരു ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു.
ഇന്ത്യാ മുന്നണിയുടെ സഹായമില്ലാതെ കോണ്‍ഗ്രസ് അന്ന് ഒറ്റക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്ക് വേണ്ടി കോണ്‍ഗ്രസ് ശ്രമിക്കാത്തതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കാന്‍ കാരണമെന്ന് സി.പി.ഐ.എം അന്ന് ആരോപിച്ചിരുന്നു.
സി.പി.ഐ.എം, ആര്‍.എല്‍.പി, ബി.എ.പി പാര്‍ട്ടികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നു. ഇന്ത്യാ മുന്നണിയുടെ സഹായം തേടാതെ ഒറ്റക്ക് മത്സരിച്ചത് രാജസ്ഥാനില്‍ വീഴ്ചയായെന്ന് കോണ്‍ഗ്രസും വിലയിരുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുരുവിലെ ഭാദ്ര മണ്ഡലത്തിലും സിക്കറിലെ ധോദിലും സി.പി.ഐ.എം രണ്ടാമതെത്തിയിരുന്നു. ഇതിന് പുറമേ ദുംഗര്‍ഗഡ്, റായ് സിങ്‌നഗര്‍ എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ഭാദ്രയില്‍ 1,132 വോട്ടിനാണ് സി.പി.ഐ.എം ബി.ജെ.പിയോട് പരാജയപ്പെട്ടത്.
Content Highlight: Lok Sabha Elections; India announced candidates in six constituencies against BJP in Rajasthan