ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ അനധികൃതമായി കടന്നു ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ടി.ആര്‍.എസ്. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടി.ആര്‍.എസ്. സ്ഥാനാര്‍ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍. വെങ്കിടേഷിനെയാണ് ക്രിമിനല്‍ക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
സിറ്റിങ് എം.പി. മല്ല റെഡ്ഡിയുടെ മരുമകനും ടി.ആര്‍.എസ്. സ്ഥാനാര്‍ഥിയുമായ മാരി രാജശേഖര്‍ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ സജീവപ്രവര്‍ത്തകനായ വെങ്കിടേഷ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയത്. അറസ്റ്റിലായ വെങ്കിടേഷ് നിലവില്‍ ജയിലിലാണ്.
ദൃശ്യങ്ങല്‍ പ്രചരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഇയാളെ പിടികൂടിയത്.
ഏപ്രില്‍ 11-നായിരുന്നു തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ടി.ആര്‍.എസ്. വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയും ബി.ജെ.പി.യുടെ രാമചന്ദ്രറാവുവുമാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് പരാതികളുണ്ടായിരുന്നു.
ഒറ്റ ഘട്ടമായി വോട്ടെടുപ്പു പൂര്‍ത്തിയായ ആന്ധ്രയില്‍ (25 ലോക്‌സഭാ സീറ്റ്) 73 % പേരും തെലങ്കാനയില്‍ (17 സീറ്റ്) 60.70 % പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.