ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് പുതുച്ചേരിയിലെ ഒരു സീറ്റ് ഉള്‍പ്പെടെ 10 സീറ്റില്‍ മത്സരിക്കും. സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും വി.സി.കെയ്ക്കും രണ്ട് സീറ്റ് വീതം നല്‍കാനാണ് ധാരണ.
അതേസമയം എം.ഡി.എം.കെ, മുസ്‌ലിം ലീഗ്, ജനനായക കക്ഷി, കൊങ്ങ് നാട് മക്കള്‍ കക്ഷി എന്നിവയ്ക്ക് ഒരു സീറ്റ് വീതവും നല്‍കും.
Read Also : ശ്രീമതിയും രാജേഷും സമ്പത്തും ബിജുവും വീണ്ടും; സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളില്‍ ധാരണ
2004ല്‍ ഡി.എം.കെ.യുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസിന് 10 സീറ്റാണ് ലഭിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ പുതുച്ചേരി ഉള്‍പ്പെടെ 40 സീറ്റും സഖ്യം തൂത്തുവാരിയിരുന്നു. 2009-ല്‍ ഡി.എം.കെ.യുമായി സഖ്യം തുടര്‍ന്ന കോണ്‍ഗ്രസിന് 15 സീറ്റ് ലഭിച്ചെങ്കിലും എട്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. 2014-ല്‍ ഡി.എം.കെ.യുമായി സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍പോലും വിജയിച്ചില്ല. 4.3 ശതമാനം വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്.
അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കാനാണ് ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ധാരണ. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. പട്ടാളി മക്കള്‍ കക്ഷിയുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായിരുന്നു. ഏഴ് സീറ്റാണ് പി.എം.കെയ്ക്ക് നല്‍കിയത്. ആകെ നാല്‍പത് ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്.
തമിഴ്നാട്ടില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയെ പിന്തുണക്കുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് പനീര്‍സെല്‍വം നേരത്തെ പറഞ്ഞിരുന്നു.