ലക്‌നൗ: കേന്ദ്രമന്ദ്രി സ്മൃതി ഇറാനിയുടെ മുഖ്യസഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേഠിയിലെ ബി.ജെ.പിയുടെ മുഖ്യപ്രചാരകരിലൊരാള്‍ കൂടിയായിരുന്ന രവിദത്ത് മിശ്രയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് മിശ്രയുടെ കോണ്‍ഗ്രസ് പ്രവേശം.
സ്മൃതി ഇറാനിയെ അമേഠിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്മൃതി ഇറാനി മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകസ്ഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സ്മൃതി ഇറാനിയുടെ മുഖ്യസഹായി കോണ്‍ഗ്രസില്‍ ചേക്കേറിയത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ സ്മൃത ഇറാനിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
സ്മൃതി പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. അതിനാല്‍ അമേഠിയില്‍ മത്സരിക്കുന്നതില്‍നിന്നും അവരെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സ്മൃതി ഇറാനി കഴിഞ്ഞ ദിവസാണ് അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2014 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരുദധാരിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നത്.