| Saturday, 13th April 2019, 10:36 am

വാക്കുനല്‍കിയതൊന്നും മോദി പാലിച്ചിട്ടില്ല; യു.പിയില്‍ ബി.ജെ.പിയ്‌ക്കെതിരെ രണ്ടിടത്ത് നാമനിര്‍ദേശ പത്രിക നല്‍കി മോദിയുടെ അപരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലക്‌നൗവില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരന്‍ അഭിനന്ദന്‍ പതക്. നേരത്തെ ഏപ്രില്‍ 26ന് അദ്ദേഹം വാരാണസിയില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഛോട്ടാ മോദിയെന്നാണ് അന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മോദി ധരിക്കുന്നതിനു സമാനമായ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് അഭിനന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കനെത്തിയത്.

മെയ് ആറിനാണ് ലക്‌നൗവില്‍ വോട്ടെടുപ്പ് നടക്കുന്നത്. വാരാണസിയില്‍ മെയ് 19ന് വോട്ടെടുപ്പ് നടക്കും.

‘ജനങ്ങളെ സേവിക്കാനും അവരെ പ്രതിനിധീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാനുമാണ് ഞാന്‍ ഇവിടെ എത്തിയത്.’ അദ്ദേഹം പറഞ്ഞു.

‘ജനങ്ങള്‍ പറയുന്നത് പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു’ എന്നും അഭിനന്ദന്‍ പറഞ്ഞു.

സഹരണ്‍പൂര്‍ സ്വദേശിയാണ് പതക്. 2014ല്‍ നരേന്ദ്രമോദിയ്ക്കുവേണ്ടി അദ്ദേഹം പ്രചരണം നടത്തുകയും ചെയ്തിരുന്നു. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നാണ് അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

15,000 രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും 15,000 പണമായി കയ്യിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more