നമോ, നമോ എന്ന് പറഞ്ഞവരെല്ലാം 'ജയ് ഭീം' പറയുന്നു; അലിയുടേയും ബജ്‌രംഗ് ബലിയുടേയും വോട്ടുകള്‍ നമുക്ക്: യോഗിക്ക് മായാവതിയുടെ മറുപടി
ലഖ്‌നൗ: അലിയുടേയോ ബജ്‌രംഗ് ബലിയുടേയോ വോട്ട് യോഗിക്ക് കിട്ടുന്നില്ലെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അലിയും ബലിയും നമ്മുടേതാണാണെന്നും നമുക്ക് രണ്ട് പേരെയും വേണമെന്നും യോഗി ആദിത്യ നാഥിന്റെ അലി-ബജ്‌രംഗ്ബലി എന്ന പ്രയോഗത്തിന് മറുപടിയായി മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബദൗനില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മുസ്‌ലിം വോട്ടുകളും ദലിത് വോട്ടുകളും ഉദ്ധരിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും റാലിയില്‍ പങ്കെടുത്തിരുന്നു.
നമോ.. നമോ.. എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവരെല്ലാം പിന്‍വാങ്ങി ‘ജയ് ഭീം’ എന്ന് പറയുന്നവര്‍ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങുമെന്നും ഘട്ബന്ധന്‍ യു.പിയില്‍ ചരിത്രം സൃഷ്ടിക്കുമെന്നും മായാവതി വ്യക്തമാക്കി.
വോട്ട് ലഭിക്കുന്നതിന് വേണ്ടി ബി.ജെ.പിയും കോണ്‍ഗ്രസും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും അത്തരം വ്യാജ വാഗദാനങ്ങളില്‍ വീഴരുതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മീറത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പ്രസംഗം നടന്നത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാന്‍) തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന സൂചനയിലായിരുന്നു യോഗിയുടെ പ്രസംഗം. പ്രസംഗം വിവാദമായതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി.