| Thursday, 6th June 2024, 6:27 pm

തൃശൂരില്‍ സംഭവിച്ചത്, കേരളത്തിലും

ദാമോദര്‍ പ്രസാദ്‌

തൃശ്ശൂരില്‍ നിന്നും ഒരു തവണ ലോക്‌സഭയിലേക്കും മറ്റൊരു തവണ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു രണ്ടു തവണയും പരാജയപ്പെട്ടിട്ടും സ്ഥിതബോധത്തോടെ അടുത്തതെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനനിരതനാവുകയും തൃശ്ശൂരിലെ ആവശ്യങ്ങള്‍ക്കായി പണം ചിലവാക്കുകയും ഇത് മാധ്യമങ്ങളെക്കൊണ്ടു റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയും ചെയ്തയാളാണ് സുരേഷ് ഗോപി.

സുരേഷ് ഗോപി

അത് ബി.ജെ.പി, പരിവാര്‍ സംഘടനാ സംവിധാനത്തിലൂടെ  പ്രചരിപ്പിക്കുകയും താരപരിവേഷത്തിന്റെ ആനുകൂല്യങ്ങള്‍ സ്ത്രീ യുവജന വോട്ടമാരെ ആകര്‍ഷിക്കാന്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയും ചെയ്തതിന്റെ ഫലമായി സുരേഷ് ഗോപിക്ക് ലഭിച്ച അംഗീകാരവും ഹിന്ദു -ക്രൈസ്തവ സാമുദായിക ഘടകങ്ങളുടെ കൂടി പിന്തുണയോടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചിറകിലേറിയുമാണ് സുരേഷ് ഗോപി വിജയിച്ചു കയറിയത്.

ഇതിനുപുറമേ മോദി പ്രഭാവം ഇന്ത്യയുടെ ഹൃദയഭൂമിയില്‍ മങ്ങിയപ്പോള്‍ തെക്കേ ഇന്ത്യയിലെ തൃശൂരില്‍ സുരേഷ് ഗോപിക്കായാണ് ഇത് ജ്വലിച്ചത്.

ബി.ജെ.പിയുടെ രാഷ്ട്രീയ സ്ഥാനാര്‍ഥി എന്നതിനേക്കാള്‍ നരേന്ദ്ര മോദിയുടെ അനുയായി എന്ന നിലയിലാണ് തൃശ്ശര്‍ എടുക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട അന്നു മുതല്‍ സുരേഷ് ഗോപി തന്നെ തന്നെ സ്വയം പ്രതിനിധീകരിച്ചത്. ഇതിനുപുറമേ ചലച്ചിത്ര നടന്‍ എന്ന വ്യക്തിപ്രഭാവവും സുരേഷ് ഗോപിക്കുണ്ടായിരുന്നു.

കൃഷ്ണകുമാര്‍

വി.മുരളീധരന്‍

രാജീവ് ചന്ദ്രശേഖര്‍

പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍, ആറ്റിങ്ങലിലെ വി.മുരളീധരന്‍. തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖര്‍ എന്നിവരൊക്കെ ബി.ജെ.പി.യുടെ രാഷ്ട്രീയ സ്ഥാനാര്‍ഥികളായി സ്വയം പ്രതിനിധീകരിച്ചപ്പോള്‍ നരേന്ദ്ര മോദിയോടുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ വ്യക്തിയായാണ് സുരേഷ് ഗോപി സ്വയം അവതരിപ്പിച്ചത്.

തന്റെ അനുയായി പരിവേഷത്തെ സ്ഥാപിക്കാനായി സ്വയമേ ‘അപകര്‍ഷിച്ചു’ക്കൊണ്ടു താന്‍ നരേന്ദ്ര മോദിയുടെ അടിമയാണെന്നു വരെ പ്രഖ്യാപിക്കുകയുണ്ടായി.

ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയേക്കാള്‍ സുരേഷ് ഗോപി തന്റെ അനേകം ചലച്ചിത്രങ്ങളിലെ നായക പ്രതിനിധാനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചെടുത്ത വലതുപക്ഷ ആശയത്തിന്റെ ബിംബമായാണ് ജനസ്വീകാര്യത തേടിയത്.

ബി.ജെ.പിയുടെ കേരള നേതൃത്വം വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായിരിക്കെ ഫ്യുഡല്‍ ജീവിത വീക്ഷണം പുറമേക്കെങ്കിലും വെച്ചുപുലര്‍ത്താന്‍ അവര്‍ വിമുഖത കാണിച്ചിരുന്നു എന്നാല്‍ സുരേഷ് ഗോപി പ്രതിനിധാനം ചെയ്ത വലതുപക്ഷ ആശയം ഫ്യുഡല്‍ സ്വഭാവം പേറുന്നതായിരുന്നു.

ഇതിനെ പ്രകടമാക്കാന്‍ ഒരിക്കലും സുരേഷ് ഗോപി വിമുഖത കാണിച്ചിരുന്നുമില്ല. അടുത്ത ജന്‍മം ബ്രാഹ്മണനായി ജനിക്കണം എന്നും ജനത്തെ സിനിമ ശൈലിയില്‍ പ്രജ എന്ന് അഭിസംബോധന ചെയ്തും വനിത മാധ്യമ റിപ്പോര്‍ട്ടറെ താഴ്ത്തിക്കെട്ടുന്ന വിധം തോളില്‍ സ്പര്‍ശിച്ചുകൊണ്ടും സുരേഷ് ഗോപി അവതരിപ്പിച്ച വെള്ളിത്തിരയിലെ ആണത്തഗോപുര കഥാപാത്രങ്ങളെ പോലെ ഫ്യുഡല്‍ സാമൂഹികതയെ രാഷ്ട്രീയത്തിലും പ്രകടിപ്പിച്ചുക്കൊണ്ടിരുന്നു.

സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്നത് കേരളത്തിലെ പൊതുബോധ നിര്‍മിതിയില്‍ സ്വാധീന ശക്തിയായി നിലനില്‍ക്കുന്ന വലതുപക്ഷവത്കൃതമായ സാമൂഹികതയെയാണ്.

ഫ്യുഡല്‍ സാമൂഹിക വീക്ഷണം ഉച്ചനീചത്വപരമായ സാമൂഹികക്രമത്തെയാണ് വിഭാവനം ചെയ്യുന്നതെങ്കിലും അതിന്റേതായ ചിട്ടവട്ടങ്ങളില്‍ ദയാദാക്ഷിണ്യത പ്രകടമാക്കിക്കൊണ്ടിരിക്കും. ഫ്യുഡല്‍ നന്മ ഇതിന്റെ പ്രകടഭാവമാണ്. ക്രൂരമായ അനുഭവങ്ങളാല്‍ പീഡിതര്‍ക്ക് ഫ്യുഡല്‍ നന്മ ചിലപ്പോള്‍ ആശ്വാസദായകമാകും. കരുവന്നൂരിലെയും മറ്റും ചതിക്കപ്പെട്ട നിക്ഷേപകരോട് ചോദിച്ചാല്‍ ഈ അനുഭവം എന്താണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

സാമൂഹികക്രമത്തിലെ അസമത്വത്തിനു പകരവും പരിഹാരവുമായാണ് ഫ്യുഡല്‍ ദയദാക്ഷിണ്യത ജീവിതമുദ്രയാകുന്നത്. അര്‍ദ്ധ നാഗരിക സമൂഹമായ കേരളത്തിലും അതിന്റെ തന്നെ ഭാഗമായി തൃശ്ശൂരിലും ഫ്യുഡല്‍ സാംസ്‌കാരിക വ്യവസ്ഥകകള്‍ക്കും അതിന്റെ മര്യാദകള്‍ക്കും വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്.

ആധുനിക ജീവിത നിലവാരവും സൗകര്യങ്ങളും അതിനോടൊപ്പം ചേര്‍ന്നു പോകുന്ന ഫ്യുഡല്‍ മനോവികാരവും കൂടി ചേര്‍ന്നാല്‍ ഒരു ശരാശരി മലയാളിയായി. ധാര്‍ഷ്ട്യമെന്ന സെക്കുലര്‍ രാഷ്ട്രീയ വികാരം പോലും മുളപൊട്ടുന്നത് ഇതില്‍ നിന്നാണ്. മത വ്യത്യാസമില്ലാതെ ഫ്യഡല്‍ അധീശത്വ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നുണ്ട് മലയാളി.

ഈ വരേണ്യമൂല്യത്തെ ശരീരഭാഷയില്‍ തന്നെ പ്രകടമാക്കാന്‍ സുരേഷ് ഗോപിക്ക് സിനിമയില്‍ മാത്രമല്ല നേര്‍ജീവിതത്തിലും സാധിക്കുന്നു.

ആചാരങ്ങള്‍ക്കും അനുഷ്ടാനപരമായ മര്യാദകള്‍ക്കും ബന്ധങ്ങളിലെ ഫ്യുഡല്‍ സൗമ്യതയ്ക്കും സൗകുമാര്യത്തിനും വിനയാന്വിതത്തിനും സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ സ്ഥാനമുണ്ട്. അതേസമയം തെറ്റുകണ്ടാല്‍ രൗദ്രഭാവത്തോടെ പൊട്ടിതെറിക്കാനും പ്രേരിപ്പിക്കുന്ന ശരീര ഭാഷ ഏറെക്കുറെ സ്വീകാര്യമാക്കിയിട്ടുണ്ട് മലയാളത്തിലെ ഒരുക്കാലത്തെ കള്‍ട്ട് സിനിമകള്‍. ഇത് രാഷ്ട്രീയ ജീവിതത്തിലേക്ക് അതേപടി പകര്‍ത്താന്‍ സുരേഷ് ഗോപി ശ്രമിച്ചിട്ടുണ്ട്.

സുരേഷ് ഗോപി

രണ്ടു തവണ തിരസ്‌ക്കരിച്ചെങ്കിലും തൃശൂര്‍ വിടാതെ തൃശൂരിലെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടും തൃശ്ശൂരിലെ പ്രമുഖ കുടുംബങ്ങളും ദേവാലയങ്ങളും സന്ദര്‍ശിച്ചും ജനത്തിനിടയില്‍ സുരേഷ് ഗോപി സ്വീകാര്യതയുണ്ടാക്കി. ഈ ഘട്ടത്തില്‍ ഒരു ചോദ്യം ഉന്നയിക്കട്ടെ: സുരേഷ് ഗോപിക്ക് പകരം ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ സ്ഥാനാര്ഥിയായിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഉത്തരം.

നിവിലെ സ്ഥിതിവെച്ചു ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനു സുരേഷ് ഗോപിയുടെ വിജയത്തോടെ മേല്‍കൈ ലഭിച്ചുവെന്നു കരുതി നിയമസഭയില്‍ ബി.ജെ.പി യുടെ സാമ്പ്രദായിക രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നതെങ്കില്‍ വിജയിച്ചുവരാനുള്ള സാധ്യത തുലോം കുറവാണ്.

അതേസമയം കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, എന്നിവടങ്ങളിലുള്ളതുപോലെ ഹിന്ദുത്വ അടിയൊഴുക്ക് തൃശ്ശൂരിലുമുണ്ട്. ആര്‍.എസ്.എസ് ശാഖകള്‍ സജീവമാണ്. ശാഖകള്‍ ഹിന്ദു ജനവിഭാഗത്തിലെ വിവിധ ജാതികളെ ഒരുമിപ്പിക്കുന്നു. ദേശീയതയും ന്യുനപക്ഷ വിരുദ്ധതയും കുത്തിക്കയറ്റുന്നുമുണ്ട്. പക്ഷെ കേരളത്തിലെ ജനസംഖ്യ സ്വഭാവവും ആധുനിക സമൂഹരൂപീകരണത്തില്‍ ഇടകലര്‍ന്നുള്ള ജീവിതവ്യവസ്ഥകളും വരഗീയമായ വിഭജനത്തെ വലിയ തോതില്‍ തടയുന്നു. ഇത് ബി.ജെ.പി തിരച്ചറിയുന്നുണ്ട്.

ഹിന്ദുത്വ വാട്‌സ് ആപ് ഗ്രുപ്പുകളില്‍ ഒരുകാലത്തു സജീമായിരുന്ന ക്രിസ്ത്യന്‍ പരിഹാസം പയ്യെ നിലയ്ക്കുകയും കടുത്ത ഇസ്ലാമോഫോബിക് ഉള്ളടക്കം പ്രചരിപ്പിച്ചുതുടങ്ങാനുമുള്ള കാരണം ബി.ജെ.പി കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുക്കൊണ്ടു ക്രിസ്ത്യന്‍ ന്യുനപക്ഷത്തെ വോട്ടിനായി ആശ്രയിക്കാന്‍ തയ്യാറായി എന്നതിനാലാണ്. ദേശീയവും ആഗോളവുമായുള്ള ഘടകങ്ങളും ഇതിനു പശ്ചാത്തലമൊരുക്കുന്നു. ഇസ്രഈല്‍ പക്ഷ നിലപാട് ഇതിന്റെ സൂചനയാണ്.

തൃശ്ശൂരിലെ കച്ചവട സമൂഹത്തില്‍ പ്രാമുഖ്യമുള്ള ക്രൈസ്തവ വിഭാഗങ്ങളുമായി ബി.ജെ.പി അടുപ്പം പുലര്‍ത്തുന്നു.

സുരേഷ് ഗോപിയുടെ വിജയം മോദി സര്‍ക്കാരിന്റെ വിജയത്തിന്റെ പരിസരത്തില്‍ വികസനത്തിനും കച്ചവടത്തിനും ഗുണകരണമാണെന്നുള്ള ധാരണ തീര്‍ച്ചയായും സുരേഷ് ഗോപിയെ പിന്തുണയ്ക്കാന്‍ ക്രൈസ്തവ ന്യുനപക്ഷത്തിലെ സമ്പന്ന-മധ്യ വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ട്.

പ്രകടമായ വിദ്വേഷം പ്രകടിപ്പിക്കാത്ത വ്യക്തിയും ലൂര്‍ദ് മാതാവിന് കീരീടം സമര്‍പ്പണം ചെയ്യുന്ന വിശ്വാസിയും ചര്‍ച്ചിന്റെ പരിപാടികളിലും പങ്കെടുക്കുന്ന സുരേഷ് ഗോപിയ്ക്ക് ക്രൈസ്തവ സമൂഹം അന്യത്വം കല്പിക്കുന്നില്ല. വിശ്വാസിയായിരിക്കുക നീരിശ്വരത്തെക്കാള്‍ നല്ല യോഗ്യതയായി കാണുന്നതാണ് പാരമ്പരാഗത വിശ്വാസസമൂഹങ്ങള്‍- മതഭേദമെന്യേ- പൊതുവേ.

സുരേഷ് ഗോപിയുടെ വ്യക്തിത്വത്തിലെ ഫ്യൂഡല്‍ നന്മ പോലെ തന്നെ അഴിമതി രഹിതനും പണം ജനസേവനത്തിനായി നിര്‍ലോഭം ചിലവാക്കുന്ന വ്യക്തിയുമാണെന്ന ഖ്യാതി തൃശ്ശൂരിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയക്കാരെക്കുറിച്ചുള്ള പൊതുബോധത്തിലുള്ള ചിത്രത്തിനെതിരാണ് സുരേഷ് ഗോപിയുടെ വ്യക്തിത്വം. മാത്രമല്ല ഒരു മൂന്നാം കക്ഷിയെ പരിക്ഷീക്കാന്‍ കേരളത്തിലെ ചില പ്രദേശങ്ങളും സന്നദ്ധമാണ്.

തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട പോലുള്ള മണ്ഡലങ്ങളിലെ മധ്യ വര്‍ഗ വോട്ടര്‍മാര്‍ ഈ ദിശയില്‍ ചിന്തിക്കുന്നവരാണ്. പാലക്കാട് അങ്ങനെയാകണമെന്നില്ല, കൊച്ചിയും – ഉദാഹരണത്തിന്. മൂന്നാം കക്ഷി ബി.ജെ.പി തന്നെയാകണമെന്നില്ല പ്രവര്‍ത്തകരുള്ള നല്ല നേതൃത്വ നിരയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിക്കാന്‍ തയ്യറാണെന്നുള്ള അനുഭവം വളരെ കുറഞ്ഞ തോതിലാണെങ്കിലും സാറ ജോസഫ് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പ്രകടമായതാണ്. എന്നാല്‍ പണം തിരഞ്ഞെടുപ്പില്‍ സവിശേഷ പ്രാധാന്യം വഹിക്കുന്നു.

പണത്തിന്റെ നല്ലയൊഴുക്കു ബി.ജെ.പി മത്സരിച്ച മണ്ഡലത്തില്‍ പ്രകടമായും കാണാമായിരുന്നു.

ഇലക്ടറല്‍ ബോണ്ടിലൂടെ നേടിയ പണം തിരഞ്ഞെടുപ്പുകളില്‍ വിനിയോഗിക്കപ്പെട്ടിരുന്നു. തൃശ്ശൂരും ഇത് പ്രകടമായിരുന്നു. തിരഞ്ഞെടുപ്പില്‍ പണമിറക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് പിന്നിലായിരുന്നു, സി.പി.ഐ യും. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ മാത്രമല്ല തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനത്തെയും വിധിയെയും  ബാധിച്ചിട്ടുണ്ട്.

കെ. മുരളീധരന്‍

കെ. മുരളീധരന്റെ പൊടുന്നനെയുള്ള എന്‍ട്രി തൃശ്ശൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഇടയില്‍ കാര്യമായ ചലനവും സൃഷ്ടിച്ചിട്ടില്ല. ഷാഫി പറമ്പില്‍ വടകരയില്‍ വന്നിറങ്ങിയത് ഒരു വന്‍ ജനാവലിയുടെ സ്വീകരണത്തോടെയാണ്. ഇതൊന്നും അനങ്ങാപാറയായ തൃശൂര്‍ യു.ഡി.എഫ് സംവിധാനത്തെക്കൊണ്ടു സാധ്യമായിരുന്നില്ല. പണലബ്ധിയും ഒരു പ്രധാന ഘടകമായിരുന്നു. ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിനെച്ചൊല്ലിയുള്ള സാമുദായിക അമര്‍ഷവും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായിട്ടുണ്ട്.

ടി.എന്‍. പ്രതാപന്‍

ബി.ജെ.പി സംഘടനാപരമായി ചലനാത്മകമായിരുന്നു. നരേന്ദ്ര മോദി മൂന്ന് തവണ തൃശ്ശൂരില്‍ വന്നതും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതും ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിവാര്‍ സംഘടനകള്‍ക്കുമുള്ള കൃത്യം നിര്‍ദേശമായിരുന്നു. എവിടെയെങ്കിലും പാളിച്ചയോ കുതികാല്‍ വെട്ടോ സംഭവിച്ചാല്‍ നടപടിയുണ്ടാകുമെന്നായിരുന്നു സൂചന. ഇതിന്റെ ഗുണഫലം സുരേഷ് ഗോപിക്ക് ലഭിച്ചു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി തൃശൂരിലെത്തിയപ്പോള്‍

അപ്പോഴും ഇതൊന്നും മികച്ച വിജയത്തിനുള്ള കാരണമാകുന്നില്ല. രാഷ്ട്രീയ വോട്ടുകളും മതേതര വോട്ടുകളും രണ്ടു വഴി- സി.പി.ഐ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കായി- വിഭജിതമായതും സുരേഷ് ഗോപിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി. പക്ഷെ ഈ വിജയം ഒരു ഹൈന്ദവ ഏകീകരണത്തിന്റേതാണെന്നുള്ളത് വ്യഖ്യാനം മാത്രമാണ്. ഹൈന്ദവ ഏകീകരണവും ക്രൈസ്തവ വോട്ടും ചേര്‍ന്നാല്‍ ഈ ഭൂരിപക്ഷമല്ല സുരേഷ് ഗോപിക്ക് കിട്ടേണ്ടത്.

സുരേഷ് ഗോപിയുടെ വിജയത്തില്‍ ഹിന്ദുവിഭാഗത്തിലെ ഉയര്‍ന്ന ജാതി സ്ഥാനാര്‍ഥി എന്ന ഘടകം സുരേഷ് ഗോപിക്ക് അനുകൂലമായിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. തൃശ്ശൂരില്‍ ഈ സമീപനം നേരത്തെയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ട്. ജാതി മത സമവാക്യങ്ങള്‍ എന്ന് വിളിച്ചുവരുന്ന അധികാര അഡ്ജസ്റ്റുമെന്റുകള്‍ മുമ്പും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ക്കാര്‍ ഇത് നിഷ്‌ക്കരുണം തള്ളിയിട്ടുമുണ്ട്.

രാഷ്ട്രീയ നിലപാടുകള്‍കൊണ്ടും ആദരണീയനും പരിശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനുള്ള മികച്ച മാതൃകയുമായ വി.വി രാഘവന്‍ കെ. കരുണാകരനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് ഏറ്റവും നല്ല ഉദാഹരണം.

കെ. കരുണാകരന്‍

മത്സരിക്കുന്ന സ്ഥാനാര്ത്ഥികളുടെ വ്യക്തിത്വ ഗുണം പ്രധാനം തന്നെയാണ്. സുരേഷ് ഗോപിക്കെതിരെ മീഡിയ വണിന്റെ മാധ്യമ പ്രവര്‍ത്തക നല്‍കിയ കേസ് ഒരുപക്ഷെ കാര്യമായി തൃശ്ശൂരിലെ വോട്ടര്‍മാര്‍ സ്വീകരിച്ചു കാണുന്നില്ല. മാത്രമല്ല, സുരേഷ് ഗോപിക്ക് ഇത് അനുകൂലമായോ എന്നും സംശയിക്കണം. മാധ്യമ പ്രവര്‍ത്തകയുടെ പരാതിക്ക് നീതിപൂര്‍വകമായ പരിണിതി തന്നെ വേണ്ടതാണ്. സാമുദായികതയുടെ കണ്ണുകളിലൂടെ വ്യഖ്യാനം ചെയ്യാനും പ്രചരിപ്പിക്കാനും വന്‍യന്ത്രങ്ങളുള്ളപ്പോള്‍ ഒറ്റപ്പെട്ട വ്യക്തികള്‍ നിസഹായരായി പോകും.

കണക്കുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ കാണുന്നത് 37.08 ശതമാനം വോട്ടമാണ് സുരേഷ് ഗോപി നേടിയിരിക്കുന്നത്. 2019 തിരഞ്ഞെടുപ്പില്‍ 28 ശതമാനമാണ് ലഭിച്ചത്. ഈ വര്‍ദ്ധനവ് പ്രധാനമായും വരുന്നത് സുരേഷ് ഗോപി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ്.

സാധാരണക്കാരും കച്ചവട സമൂഹവും തങ്ങള്‍ക്ക് ലഭിക്കാവുന്ന അനുകൂല്യത്തെ സെക്യൂലര്‍ രാഷ്ട്രീയ നിലപാടിനേക്കാള്‍ പ്രാധാന്യത്തോടെ കാണുന്നുണ്ടാവാം.

സുരേഷ് ഗോപിക്ക് ഒരു ചാന്‍സ് കൊടുക്കേണ്ടതാണെന്നുള്ള തീരുമാനം ഹിന്ദുക്കളിലെ ഒരു വിഭാഗത്തിനും ക്രൈസ്തവര്‍ക്കും സ്വീകാര്യമായി. മോദിയോടുള്ള ഹിന്ദു ആരാധനയും പ്രധാന ഘടകമാണ്. രാമക്ഷേത്രത്തിനു അയോധ്യയിലില്ലാത്ത പ്രഭാവം തൃശ്ശൂരിലുണ്ടായിട്ടുണ്ടെന്നുവേണം കരുതാന്‍. എന്നാല്‍ എക്കാലത്തേക്കുമുള്ള  ശക്തിയാകാനുള്ള സംഖ്യ കാണില്ല ഈ വോട്ടര്‍മാരുടെ കണക്കെടുത്താല്‍.

വി.എസ്. സുനില്‍കുമാര്‍

സുനില്‍ കുമാറാണ് തൃശ്ശൂരിലെ യഥാര്‍ത്ഥ ജനപ്രിയ സ്ഥാനാര്‍ഥി. ശരിയായ തൃശ്ശൂര്‍ക്കാരന്‍. എം.പി യാവുകയും ഇന്ത്യ മുന്നണി അധികാരത്തില്‍ വരികയും സുനില്‍ കുമാര്‍ മന്ത്രിയാവുകയും ചെയ്യുമെന്ന പ്രചാരണത്തിനു ഒരു സാധ്യതയുമുണ്ടായിരുന്നില്ല പക്ഷെ.

നിയമസഭ തിരഞ്ഞെടുപ്പായിരുന്നെങ്കില്‍ വിധി ഇപ്രകാരമാവുകയുമില്ല. സി.പി.ഐ തൃശ്ശൂരില്‍ സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. എങ്കിലും സി.പി.ഐയുടെ എക്കാലത്തെയും സ്വാധീനമേഖലകളില്‍ പോലും സുരേഷ് ഗോപി മുന്നിലെത്തി.

സി.പി.ഐ.എം വോട്ടുകള്‍ സുനില്‍ കുമാറിന് താന്നെയാണോ ലഭിച്ചതെന്നു കാര്യത്തില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒല്ലൂര്‍, ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ ഇടതുപക്ഷം പിന്നോട്ട് പോയത് ഭരണവിരുദ്ധ അലയടിച്ചതു തന്നെയാണ്. ഇതിന്റെ ഗുണഭോക്താവായത് മോദി പ്രഭാവിതനായ സുരേഷ് ഗോപിയാണ്.

സഹകരണ ബാങ്ക് തട്ടിപ്പില്‍ രണ്ടു ഇടതുപക്ഷ പാര്‍ട്ടികളും ജനത്തിന്റെ കണ്ണില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരാണ്. സുനില്‍ കുമാറിന്റെ പരാജയത്തെ ഉറപ്പുവരുത്താന്‍ മതിയായ കാരണമായി തീരുന്നു ഇത്.

തൃശൂര്‍ പൂരം സംബന്ധിച്ചുണ്ടായ പ്രശ്‌നം തൃശൂര്‍ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ പ്രമുഖമായൊരു സംഭവമായി പലരും വിലയിരുത്തിയിട്ടുണ്ട്. ശരിയാണ് പൂരത്തില്‍ ഒരു തൃശൂര്‍ വികാരമുണ്ട് എന്നത് തീര്‍ച്ച. പക്ഷെ കഴിഞ്ഞൊരു ഇരുപതു ഇരുപത്തിയഞ്ചു കൊല്ലത്തെ പൂരത്തിലെ ജനബാഹുല്യം നോക്കിയാല്‍ ഒരുപക്ഷെ തൃശ്ശൂരുകാരേക്കാള്‍ മറ്റിടങ്ങളില്‍ നിന്നുള്ളവരായിരിക്കും പൂരത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത്.

പൂരത്തിന്റെ നടത്തിപ്പില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായി എന്നത് വസ്തുതയാണ്. ഇതിനെ മുതലെടുക്കാന്‍ ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസ്സും ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കാന്‍ മാത്രമുള്ള ഒരു സംഭവമായി ഇതു പരിണമിച്ചുവെന്നു പറയുന്നത് ഒരു അധികപ്രസ്താവനയായിരിക്കും.

സുരേഷ് ഗോപി എന്ന ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചുവെന്ന യാഥാര്‍ഥ്യം കൂടുതല്‍ അക്ഷോഭ്യതയോടെയുള്ള രാഷ്ട്രീയ വിശകലനം അര്‍ഹിക്കുന്നുണ്ട്, പ്രത്യേകിച്ചും ഇടതുപക്ഷം എങ്ങാനും  ദുര്‍ബലപ്പെടുന്ന ഒരു സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തിന് സംഭവിക്കാവുന്ന മാറ്റങ്ങളെകുറിച്ചാണ് അന്വേഷിക്കുന്നതെങ്കില്‍.

തൃശൂരിലെ വിജയത്തോടെ കേരളം പ്രതിരോധിച്ച് നിര്‍ത്തിയിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമോ എന്നും മറ്റിടങ്ങളിലേക്ക് പടരുമോ എന്നതും ഒരു പ്രധാന ചോദ്യമാണ്.

വിജയം സുസ്ഥിരമാകണമെങ്കില്‍ ദേശീയ തലത്തില്‍ ബി.ജെ.പി ഭരണം സുസ്ഥിരമാകണം. സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചാല്‍ മാത്രം പോരാ തൃശ്ശൂരില്‍ അതിന്റെ പ്രത്യക്ഷമായ ഫലവും വേണം. പ്രയോഗികമതികളായ തൃശ്ശൂരിലെ കച്ചവട സമൂഹം ഉറ്റുനോക്കുന്നത് ഇതായിരിക്കും.

ഇതിലൊക്കെ വിജയിച്ചാല്‍ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരിടം നേടണമെങ്കില്‍ പ്രത്യശാസ്ത്രപരമായ സ്വാധീനത വേണം. കേരളത്തിന്റെ സാമൂഹിക രൂപീകരണവും സിവില്‍ സമൂഹ രാഷ്ട്രീയവും ഹിന്ദുത്വയെ പ്രതിരോധിക്കുന്നതാണ്. ഹിന്ദുത്വയുടെ അപരവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല.

ഇതിനെ മറികടക്കാനാണ് സുരേഷ് ഗോപിയുടെ താരപദവിയെ ഉപയോഗിക്കുന്നതും വികസനവാഗ്ദ്ധാനങ്ങള്‍ക്ക് പെരുമ്പറകൊട്ടുന്നതും. ഇതു യാഥാര്‍ഥ്യമാക്കി ബി.ജെ.പി യെ വളര്‍ത്തുക എന്ന ലക്ഷ്യമായിരിക്കണം ഉദ്ദേശിക്കുന്നത്. എന്നാല്‍ 2024 തിരഞ്ഞെടുപ്പ് വിധി നല്‍കുന്ന സൂചന ഫെഡറലിസവും ജീവല്‍ പ്രശ്‌നങ്ങളും ഭരണഘടനാവകാശങ്ങളും തന്നെയാണ് പ്രധാനമെന്നാണ്. കേരളത്തിന്റെ സ്ഥായി വികാരമാണത്. അതില്‍ തൊട്ടുകളിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ സമ്മതിക്കുമോ?

content highlights; Lok Sabha Election; What happened in Thrissur also happened in Kerala

ദാമോദര്‍ പ്രസാദ്‌

Latest Stories

We use cookies to give you the best possible experience. Learn more