മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് അടക്കം ആറിടത്ത് ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍
തിരുവനന്തപുരം: മത്സരിച്ച എം.എല്‍.എമാരില്‍ നാലുപേര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്.
കോണ്‍ഗ്രസ് അംഗങ്ങളായ കെ.മുരളീധരന്‍- വടകര, ഹൈബി ഈഡന്‍- എറണാകുളം, അടൂര്‍ പ്രകാശ്- ആറ്റിങ്ങല്‍ എന്നിവരും സിപിഎമ്മിലെ എ.എം. ആരിഫ് ആലപ്പുഴയിലുമാണു വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കോട്ടയം ജില്ലയിലെ പാലായിലും പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
മൊത്തം ഒമ്പത് എം.എല്‍.എംമാരാണ് ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. ഇതില്‍ അഞ്ചു പേര്‍ പരാജയപ്പെട്ടു. വീണ ജോര്‍ജ് (പത്തനംതിട്ട), പി.വി. അന്‍വര്‍ (നിലമ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), സി. ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്. എം.എല്‍.എമാരില്‍ തിരുവനന്തപുരത്തു മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ മാത്രമാണ് മൂന്നാമതായത്.
ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരെണ്ണത്തില്‍ എല്‍.ഡി.എഫുമാണ് 2016 ല്‍ വിജയിച്ചത്. ഇതില്‍ വട്ടിയൂര്‍ക്കാവും മഞ്ചേശ്വരത്തും ബി.ജെ.പി പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവും ബി.ജെ.പി രണ്ടാമതെത്തിയിട്ടുണ്ട്.
ഇടതു മുന്നണിയെ സംബന്ധിച്ചിടുത്തോളം സ്വന്തം സീറ്റായ അരൂര്‍ നിലനിര്‍ത്തുന്നതിനു പുറമെ യു.ഡി.എഫിന്റെ സീറ്റുകള്‍ കൂടി പിടിച്ചെടുത്താലെ നഷ്ടം നികത്താനാകൂ.