തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ കേസ്
D' Election 2019
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 8:11 am

റാഞ്ചി: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയ്ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഔദ്യോഗിക ചടങ്ങിനിടെ വോട്ടു ചോദിച്ചതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്.

ശനിയാഴ്ച റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ലെ ഔദ്യോഗിക ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ വോട്ടഭ്യര്‍ഥിച്ചത്. അഞ്ചുവര്‍ഷത്തേക്കുകൂടി നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍” വേണമെന്നായിരുന്നു സിന്‍ഹ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.

ജയന്ത് സിന്‍ഹയ്ക്കെതിരേ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് റാഞ്ചിയിലെ ഖേല്‍ഗാവ് പോലിസ് അറിയിച്ചു.

Read Also : തട്ടിക്കൊണ്ടു പോയ കേസ്; നാടോടി പെണ്‍കുട്ടിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്താന്‍ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ് ജയന്ത് സിന്‍ഹ.

പതിനേഴാം ലോക്‌സഭയിലേക്കുള്ള ഒന്നാം ഘട്ടം വോട്ടിങ് ഏപ്രില്‍ 11നാണ് നടക്കുക. രണ്ടാംഘട്ടം, ഏപ്രില്‍ 18നും മൂന്നാം ഘട്ടം കേരളമടക്കമുള്ളയിടങ്ങളില്‍ ഏപ്രില്‍ 23നും നാലാം ഘട്ടം ഏ പ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം, മെയ് 12നും നടക്കും മെയ് 23നാണ് വോട്ടെണ്ണല്‍.

ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലും ആറാം ഘട്ടം ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലും തെരഞ്ഞെടപ്പ് നടക്കും.