പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള ആര്‍.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബി.എസ്.പി. ബീഹാറിലെ 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ ബി.എസ്.പി എത്തിയത്. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ന്ന യോഗത്തിലാണ് ബീഹാറില്‍ ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാട് പാര്‍ട്ടി കൈക്കൊണ്ടത്.
ബീഹാറില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി; 11 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും
ഇക്കഴിഞ്ഞ ജനുവരിയില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് മായാവതിയെ ലഖ്‌നൗവിലെ വസതിയില്‍ ചെന്ന് കണ്ടിരുന്നു. മായാവതിക്ക് പിറന്നാളാശംസ അറിയിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നു സന്ദര്‍ശനം. മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ മായാവതിയെ തേജസ്വി യാദവ് ക്ഷണിച്ചതായും ആര്‍.ജെഡി നേതാവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബി.എസ്.പി ഇതുവരെ തീരുമാനമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമാണ് എന്ന കാരണം കൊണ്ടാവാം ബി.എസ്.പി വിട്ടുനില്‍ക്കുന്നത് എന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബി.എസ്.പിക്ക് 7.65 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. ഇതിന് പിന്നാലെ 2015 ല്‍ നടന്ന വിധാന്‍ സഭ തെരഞ്ഞെടുപ്പില്‍ 7.88 ലക്ഷം വോട്ടായി ഇത് ഉയര്‍ന്നിരുന്നു.