| Friday, 8th March 2024, 8:51 am

തൃശൂരില്‍ കെ. മുരളീധരന്‍, പിന്മാറി ടി.എന്‍ പ്രതാപന്‍; വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍; മാറ്റങ്ങളുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചക്ക് ശേഷം തൃശൂരിലാണ് മാറ്റമുണ്ടായത്. വടകരയിലെ സിറ്റിങ് എം.പി കെ. മുരളീധരന്‍ തൃശൂരിലേക്ക് മാറും. ടി.എന്‍ പ്രതാപന്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുകയും നേതൃത്വത്തോട് ആവശ്യപ്പെടുകയുമായിരുന്നു.

വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇനി മുന്‍തൂക്കം ഷാഫി പറമ്പിലിനാണ്. ഷാഫി ഇല്ലെങ്കില്‍ ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത.

ആലപ്പുഴയില്‍ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തിറങ്ങും. തൃശൂരില്‍ പ്രചാരണം അനൗദ്യോഗികമായി തുടങ്ങിയ ടി.എന്‍ പ്രതാപന് നിയമസഭ സീറ്റ് നല്‍കാനാണ് ധാരണയായത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. വയനാട് വിട്ട് മറ്റൊരു ദക്ഷിണേന്ത്യന്‍ സീറ്റിലേക്ക് രാഹുല്‍ ഗാന്ധി മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടായെങ്കിലും അത് അന്തിമഘട്ടത്തില്‍ കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താന്‍ കൂടുതല്‍ കാലതാമസം വന്നത് ആലപ്പുഴ സീറ്റായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധിയായി കെ.സി. വേണുഗോപാല്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ എ.എ. ഷുക്കൂര്‍, വനിത പ്രതിനിധിയായി ഷാനിമോള്‍ ഉസ്മാന്‍ എന്നിവരായിരുന്നു പരിഗണയില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുക്കുകയായിരുന്നു.

കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അടക്കം മറ്റു സിറ്റിങ്ങ് എം.പിമാരെല്ലാം സ്വന്തം സീറ്റുകളില്‍ മത്സരിക്കാനും തീരുമാനമായി. കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നതിന് സമ്മതം അറിയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അന്തിമ ചര്‍ച്ചകള്‍ വ്യാഴാഴ്ചയാണ് നടന്നത്. ചര്‍ച്ചയ്ക്കായി കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമെത്തിയിരുന്നു. എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍ എന്നിവരും ദല്‍ഹിയിലെത്തിയിരുന്നു.

Content Highlight: Lok Sabha Election 2024 Congress Candidate List

We use cookies to give you the best possible experience. Learn more