സ്മൃതിക്കൊപ്പം അമേത്തിയില്‍ രാഹുലിനെ വീഴ്ത്തിയ സ്വതന്ത്രരും മറ്റുള്ളവരും; വോട്ട് നില ഇങ്ങനെ
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പിച്ചതില്‍ സ്വതന്ത്രര്‍ക്കും പങ്ക്. മൂന്ന് മുസ്‌ലിം സ്ഥാനാര്‍ത്ഥികളടക്കം 56,605 ഓളം വോട്ടുകളാണ് സ്വതന്ത്രരും മറ്റ് ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന് അമേത്തിയില്‍ പിടിച്ചത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പടെ നെഹ്‌റു കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം നേടിയത്.
സ്മൃതിക്കും രാഹുലിനും പുറമെ സ്വതന്ത്രര്‍ക്കും നോട്ടയ്ക്കും കിട്ടിയ ആകെ വോട്ട് 60,545. ഏറ്റവും കൂടുതല്‍ വോട്ടു പിടിച്ച സ്വതന്ത്രന്‍ – ധ്രുവ് ലാലാണ്, 7816 വോട്ട്. മൊത്തം 27 സ്ഥാനാര്‍ഥികളില്‍ 14 സ്വതന്ത്രരായിരുന്നു.
മത്സരിച്ച മൂന്ന് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് മൊത്തം 9484 വോട്ട് നേടി. കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായര്‍ 569 വോട്ട് നേടി.
2014ല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ഇപ്പോള്‍ ബി.ജെ.പി അമേത്തി പിടിച്ചിരിക്കുന്നത്. 2014 ല്‍ തോറ്റെങ്കിലും അമേത്തിയെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സമൃതി ഇറാനി കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇടക്കിടെ അമേത്തി സന്ദര്‍ശിക്കുകയും അവിടുത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും അമേത്തിയില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു. അമേത്തിയില്‍ എത്തുമ്പോഴൊക്കെ രാഹുല്‍ ഗാന്ധിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും മണ്ഡലത്തിലെ വികസനമില്ലായ്മ ചര്‍ച്ചയാക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമാണ് സ്മൃതി രംഗത്തെത്തിയത്. രാഹുല്‍ ഒളിച്ചോടുകയാണെന്നായിരുന്നു അവരുടെ പരിഹാസം.
വിജയത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയെ അഭിനന്ദിച്ചിരുന്നു.