| Monday, 29th April 2019, 7:45 am

നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ കനത്ത സുരക്ഷ; ഒഡിഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒമ്പതു സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളിലായി നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ഒഡിഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പമുണ്ടാകും.

ബിഹാറിലെ ബെഗുസാരായിയില്‍ സി.പി.ഐ സ്ഥാനാര്‍ഥിയും ജെ.എന്‍.യു സമരനായകനുമായ കനയ്യ കുമാര്‍, എതിരാളിയായി സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്, മുംബൈ നോര്‍ത്തില്‍ ബോളിവുഡ് നടി ഊര്‍മിളാ മതോണ്ഡ്കര്‍, ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും സിറ്റിങ് എം.പിയുമായ ഡിംപിള്‍ യാദവ്, ബംഗാളിലെ അസന്‍സോളില്‍ സിറ്റിങ് എം.പിയും നടിയുമായ മൂണ്‍ മൂണ്‍ സെന്‍, അതേ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ഫാറൂഖാബാദില്‍ നിന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മുംബൈ സൗത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ, ജോധ്പുരില്‍ നിന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ്, ഛിന്ദ്വാഡയില്‍നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, ഉന്നാവില്‍ നിന്നു വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖരുടെ ജനവിധിയും ഇന്നുണ്ടാകും.

മത്സരരംഗത്തുള്ള 945 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുന്നത് 12.79 കോടി വോട്ടര്‍മാരാണ്.

80 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 13 ഇടങ്ങളില്‍ ഇന്നു വോട്ടെടുപ്പുണ്ടാകും.

ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളില്‍ 41 എണ്ണത്തിലാണു വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.ഡി സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.

വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. മുന്‍കരുതലെന്നോണം ബോല്‍പുരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഏപ്രില്‍ 30 വരെ തടവു തുടരും.

We use cookies to give you the best possible experience. Learn more