ലോക്‌സഭ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി പിരിഞ്ഞു
India
ലോക്‌സഭ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി പിരിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 12:45 pm

ന്യൂദല്‍ഹി: കല്‍ക്കരിപാട വിഷയത്തില്‍ തുടര്‍ച്ചയായ 13 ദിവസം തടസപ്പെട്ട ലോക്‌സഭ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ പിരിഞ്ഞു. 12 മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതിനാല്‍ സമ്മേളനം അവസാനിപ്പിച്ച് അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.[]

അവസാന ദിനമായ ഇന്ന് ഈ മാസം ഒടുവില്‍ വിരമിക്കുന്ന രാജ്യസഭാ സെക്രട്ടറി വി.കെ. അഗ്നിഹോത്രിയുടെ സേവനങ്ങള്‍ അനുസ്മരിച്ച് സംസാരിച്ച ശേഷം നടപടികളിലേക്ക് കടക്കവേ പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.

സംവരണ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ബഹളം വെച്ചു. തുടര്‍ന്ന് സഭ 12 മണിവരെ പിരിഞ്ഞു. 12 മണിക്കും ബഹളം തുടര്‍ന്നതിനാല്‍ 12.45 വരെ വീണ്ടും പിരിയുകയായിരുന്നു.

രാവിലെ പാര്‍ലമെന്റിന് മുന്നില്‍ എന്‍.ഡി.എ അംഗങ്ങള്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു. സഭ സമ്മേളിച്ചിരുന്നത് 19 ദിവസത്തേക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ 13 ദിവസവും സഭ പ്രതിപക്ഷ ബഹളത്തില്‍ തടസപ്പെടുകയായിരുന്നു.

ഇക്കുറി സഭയില്‍ നാല് ബില്ലുകള്‍ മാത്രമാണ് പാസായത്. 108 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ലോക്‌സഭ 24 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാജ്യസഭയിലും ഇതേ സംഭവവികാസങ്ങള്‍ തന്നെയായിരുന്നു ആവര്‍ത്തിക്കപ്പെട്ടത്.

2004-09 കാലത്ത് ലേലംകൂടാതെ കല്‍ക്കരി ഖനനത്തിന് ലൈസന്‍സുകള്‍ നല്‍കിയതുവഴി പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി.എ.ജി.)ന്റെ റിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചത്.

ഇതേത്തുടര്‍ന്ന്, 2004-09 കാലയളവില്‍ കല്‍ക്കരിവകുപ്പിന്റെ ചുമതല നേരിട്ട് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയായി ബി.ജെ.പി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിവരികയായിരുന്നു.