ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നോര്‍ക്കാ പ്രതിനിധികളും. നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും സമ്മേളനത്തിലെത്തും.
ഇവരെ കൂടാതെ നോര്‍ക്ക ഡയറക്ടര്‍മാരും വ്യവസായികളുമായ യൂസഫ് അലി, രവി പിള്ള, ഒ.വി. മുസ്തഫ, നോര്‍ക്കാ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്കാ മാനേജിങ് ഡയറക്ടര്‍ അജിത്ത് കൊളാശേരി എന്നിവരടങ്ങുന്ന ഉന്നത തല സംഘവും ന്യൂയോര്‍ക്കിലെത്തും.
അമേരിക്കയില്‍ നിന്നുള്ള നോര്‍ക ഡയറക്ടര്‍ ഡോ. എം. അനിരുദ്ധനാണ് മേഖലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്ക സന്ദര്‍ശിക്കുന്ന നോര്‍ക സംഘം മേഖലാ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുക്കുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും മറുപടി പറയുകയും ചെയ്യും.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജീവിക്കുന്ന മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം സുഗമമാക്കുക, വിദേശ മലയാളികളെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ വകുപ്പാണ് നോര്‍ക.
ജൂണ്‍ 9, 10,11 തിയതികളില്‍ ന്യൂ യോര്‍ക്ക് ടൈം സ്‌ക്വയര്‍ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ വെച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നത്. നോര്‍ക്കയുടെ ആരംഭ കാലം മുതല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. മാധവന്‍ അനിരുദ്ധന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആയി വിവിധ കമ്മിറ്റികള്‍ ഈ സമ്മേളനത്തിനായി പ്രവര്‍ത്തിക്കുന്നു.
content highlight: Lok Kerala Sabha: NORCA representatives to participate in the American Regional Conference