തലയില്‍ വലിച്ചുകെട്ടിയ ടവ്വലോ തൊപ്പിയോ അണിഞ്ഞ്, ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഇടതൂര്‍ന്ന താടിരോമങ്ങളെ തലോടി വിദൂരതയിലേക്കുള്ള നോട്ടം മലയാളസിനിമാസെറ്റുകളില്‍ നിന്ന് ഇല്ലാതായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷമാവുകയാണ്. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ ലോഹിതദാസിന്റെ പതിനൊന്നാം ചരമവാര്‍ഷികം.
സാഹിത്യത്തെ കൂട്ടുപിടിച്ച് മലയാളസിനിമ ചലിക്കുന്ന കാലത്താണ് നടന്‍ തിലകന്റെ കൈപിടിച്ച് ലോഹിതദാസ് കടന്നുവരുന്നത്. എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസിന്റെ വരവ്. പത്മരാജന്‍ സൃഷ്ടിച്ച സിനിമാ എഴുത്തിന്റെ വിപ്ലവം തുടരുകയായിരുന്നു ലോഹി പിന്നീട് ചെയ്തത്. സിനിമ കാണുന്ന പ്രേക്ഷകന് അടുത്തറിയാവുന്ന കഥാപാത്രങ്ങളെ ലോഹി വെള്ളിത്തിരയില്‍ സൃഷ്ടിച്ചു. അതേസമയം തന്നെ മലയാളി കേട്ടുശീലിക്കുന്നതിന് മുന്‍പ് വാടകഗര്‍ഭം എന്ന ആശയത്തെ സിനിമയാക്കി.
സിനിമ, ജീവിതത്തിന്റെ പരിച്ഛേദം തന്നെയെന്ന് ലോഹി സിനിമകള്‍ വിളിച്ചുപറഞ്ഞു. ജീവിതസാഹചര്യങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോകുന്ന നായകര്‍ ലോഹിയുടെ പേനയില്‍ പിറവിയെടുത്തു. പതിവ് വേഷങ്ങളില്‍ തളച്ചിടപ്പെട്ട മമ്മൂട്ടിയും മോഹന്‍ലാലും ലോഹിയുടെ കഥകളിലൂടെ വേറിട്ട നായകരായി.
92 വയസാണ് ഇന്ന് മലയാളസിനിമയ്ക്ക് പ്രായം. അതില്‍ വെറും 20 വര്‍ഷം മാത്രം സിനിമയിലുണ്ടായിരുന്ന ലോഹിതദാസ് ജന്മം നല്‍കിയ കഥാപാത്രങ്ങള്‍ ഇന്നും പച്ചയായി തന്നെ നില്‍ക്കുന്നു.
നിസഹായതയുടെ എഴുത്താണ് ലോഹിതദാസിന്റേതെന്ന് പലപ്പോഴും തോന്നാറുണ്ട്. തനിയാവര്‍ത്തനം മുതലുള്ള അതിന്റെ തുടര്‍ച്ച ലോഹിയുടെ മറ്റ് രചനകളിലും കാണാം.
തനിയാവര്‍ത്തനം ക്ലൈമാക്സിലേക്കടുക്കുമ്പോള്‍ മുകേഷ് അവതരിപ്പിച്ച ഗോപിനാഥന്‍ എന്ന കഥാപാത്രം വീടുവിട്ടിറങ്ങുമ്പോള്‍ പറയുന്നുണ്ട്, ‘ എന്റെ ബാലേട്ടനെ പട്ടുടുപ്പിച്ച് നാട്ടാരെ മുന്നിലിരുത്തി ഈ തലമുറയിലെ ഭ്രാന്തനെന്ന് പറയാനല്ലേ. ആ ചടങ്ങ് കണ്ട് നില്‍ക്കാന്‍ എനിക്ക് വയ്യ.’
തൊട്ടടുത്ത സീനില്‍ കളമെഴുത്ത് ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെടുകയും അത് ചെയ്യാനും വേണ്ടി മുന്നില്‍ നില്‍ക്കുന്ന തിലകന്‍ അവതരിപ്പിച്ച വല്യമാമാ കഥാപാത്രവും തന്റെ നിസഹയാതയെ അവസാനനിമിഷത്തില്‍ വിവരിക്കുന്ന രംഗമുണ്ട്.
ഗോപിനാഥന്‍ (മുകേഷ്)- ഞാനിറങ്ങാണ്
വല്യമാമന്‍ (തിലകന്‍)-ഗോപിനാഥാ… നല്ലത് വരണം ന്നേ വല്ല്യമാമയക്കൊള്ളൂ. ഭാഗം പിരിഞ്ഞുപോയിട്ടും ഇതായിരുന്നു എന്റെ വീട്. നിങ്ങളായിരുന്നു എല്ലാം. നിങ്ങടെ ശ്രേയസിന് വേണ്ടിയിട്ടെ എന്തും ചെയ്തിട്ടുള്ളൂ. അന്ധവിശ്വാസമാകാം പഴയ ആളല്ലേ… മനസിലൊറച്ചുപോയി. തെറ്റാണെങ്കില്‍ ക്ഷമിക്ക്യാ…
(തിരിഞ്ഞുനോക്കുന്ന ഗോപിനാഥനോട്) മടങ്ങണ്ടാ പുറപ്പെട്ടോളൂ,,. നന്നായി വരും. -ജീവിതത്തില്‍ വേണ്ട എന്ന തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നിട്ടും എന്തിനോടൊക്കയോ ഉള്ള പ്രതിബദ്ധത കൊണ്ട് ആശാസ്യമല്ലാത്തത് ചെയ്യേണ്ടിവരുന്ന സന്ദര്‍ഭം.
അതിന് ശേഷമുള്ള ഷോട്ടിലാണ് ബാലന്റെ അമ്മയോടും മുത്തശ്ശിയോടുമായി ആരും ഇല്യാണ്ടായി ഇല്ലേ… എന്ന് ഗദ്ഗദനായി വല്യമാമ പറയുന്നത്. ബാലന് ചോറില്‍ വിഷം നല്‍കി അമ്മയും ജീവനൊടുക്കുന്നതും അതേ നിസഹായതയുടെ മറ്റൊരു രംഗം.
തുടര്‍ന്ന വന്ന പല സിനിമകളിലും ഈ നിസഹായതാ സന്ദര്‍ഭം കടന്നുവരുന്നുണ്ട്. എന്നാല്‍ ഒന്നില്‍പോലും മറ്റൊന്നിന്റേയും ആവര്‍ത്തനമായി പ്രേക്ഷകന് അനുഭവപ്പെടില്ല. അമരത്തിലെ അച്ചുവിനെ വാത്സല്യത്തിലെ രാഘവന്‍ നായരിലോ കൗരവറിലെ ആന്റണിയിലോ കാണില്ല. മൂന്നു കഥാപാത്രവും പിതൃഭാവം പേറുന്നവയാണ്, മൂവരും പല സന്ദര്‍ഭങ്ങളിലും നിസഹായരുമാണ്.
‘ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ജീവിക്കാന്‍ ഒട്ടും ആശയുണ്ടായിരുന്നില്ല സാര്‍, എന്നാല്‍ ഇപ്പോള്‍ ജീവിക്കണമെന്ന് തോന്നുന്നുണ്ട്. ആര്‍ക്കെങ്കിലും വേണ്ടി ജീവിക്കുമ്പോഴല്ലേ ജീവിതമാകുന്നുള്ളൂ… അല്ലേ…’ കൗരവറിലെ ആന്റണി (മമ്മൂട്ടി), രാജഗോപാലിനോട് (മുരളി) പറയുന്ന രംഗമാണിത്.
ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ആന്റണിയും അച്ചുവും രാഘവന്‍ നായരും ബന്ധുക്കള്‍ക്ക് വേണ്ടി ജീവിച്ച കഥാപാത്രങ്ങളാണ്. ഒരവസരത്തില്‍ അതേ ബന്ധുക്കളാല്‍ പുറത്താക്കപ്പെടുന്ന/ മാറ്റിനിര്‍ത്തപ്പെടുന്ന കഥാപാത്രങ്ങള്‍. എന്നിട്ടും ഒരു സാമ്യതയും പ്രേക്ഷകനെ അനുഭവിപ്പിക്കാതെ എഴുതി രൂപപ്പെടുത്തിയ കഥാപാത്രസൃഷ്ടി.
മോഹന്‍ലാലിന് ലോഹി സമ്മാനിച്ച കഥാപാത്രങ്ങളിലും ഉണ്ട് ഈ സാമ്യത. മേല്‍പ്പറഞ്ഞ സിനിമകളില്‍ നിന്ന് കുറച്ചുകൂടി കടന്ന് ആ കഥാപാത്രങ്ങളെ സങ്കടക്കടലിലേക്ക് ആഴത്തില്‍ തള്ളിയിടാനും ലോഹി മടിച്ചിട്ടില്ല. ചേട്ടന്‍ മരിച്ച വിവരം അറിയിക്കാതെ സഹോദരിയുടെ വിവാഹ പന്തലില്‍ പുറമെ കരുത്തനായി നിന്നു കൊടുക്കേണ്ട ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍, സ്വപ്നം കണ്ട ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുയാണെന്ന ബോധ്യത്തില്‍ എസ്.ഐ ആകേണ്ടതിന് പകരം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റിലേക്ക് പേര് ചേര്‍ക്കപ്പെടുന്ന കിരീടത്തിലെ സേതുമാധവന്‍, മകനെ വിട്ടുകൊടുക്കേണ്ടി വന്ന്, വേലക്കാരിയോട് തന്നെ മകനെപ്പോലെ സ്നേഹിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന ദശരഥത്തിലെ രാജീവ്… ഒരുപക്ഷെ സമാനതകളിലെ വൈവിധ്യം എന്നത് ലോഹി എന്ന തിരക്കഥാകൃത്തിന് മാത്രം അവകാശപ്പെടാവുന്ന വിശേഷണമായിരിക്കും.
നടന്‍മാരുടെ അഭിനയത്തെ ചൂഷണം ചെയ്ത് അവതരിപ്പിക്കാന്‍ ലോഹിയ്ക്ക് കഴിഞ്ഞിരുന്നു. അതിമാനുഷ വേഷങ്ങളില്‍ തളച്ചിടേണ്ടവരല്ല മമ്മൂട്ടിയും മോഹന്‍ലാലുമെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ് അവര്‍ക്ക് വെല്ലുവിളിയേകുന്ന കഥാപാത്രങ്ങള്‍ ലോഹി സമ്മാനിച്ചത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നായികാ-നായകന്‍മാര്‍ മാത്രമല്ല സഹനടന്‍മാരുടെ കഥാപാത്രങ്ങള്‍ ലഭിച്ചവരും ലോഹിയുടെ സിനിമയില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നവരാകും.
തിലകന്‍, നെടുമുടിവേണു, മുരളി, ജഗതി, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദന്‍, കുതിരവട്ടം പപ്പു, സിദ്ദീഖ്, മുകേഷ്, മനോജ്.കെ.ജയന്‍, ഫിലോമിന തുടങ്ങിയവരുടെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ എടുത്താല്‍ അതില്‍ ലോഹിതദാസിന്റെ സൃഷ്ടികള്‍ ഉണ്ടാകുമെന്നുറപ്പാണ്.
മലയാളസിനിമ അരികുവല്‍ക്കരിച്ച് നിര്‍ത്തിയ സമുദായങ്ങളുടേയും തൊഴില്‍ മേഖലയുടേയും ജീവിതം തെരഞ്ഞെടുത്തു എന്നതാണ് ലോഹി സിനിമകളിലെ മറ്റൊരു പുതുമ. അതുവരെ സിനിമകളില്‍ വന്ന് പോയ കഥാപാത്രങ്ങള്‍ മാത്രമായിരുന്ന ആശാരിയും മൂശാരിയും അരയനും ലൈംഗികത്തൊഴിലാളികളും വേട്ടക്കാരനും അലക്കുകാരനും സര്‍ക്കസുകാരും ലോഹിയുടെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളായി. അവര്‍ ജീവിതം പറഞ്ഞു, അല്ല… അവരുടെ ജീവിതം ലോഹി കാണിച്ചുതന്നു.
ലോഹമുരുക്കുന്ന മൂശാരിയുടെ കഥപറഞ്ഞ ഭരതന്റെ വെങ്കലം മലയാളസിനിമ അന്നുവരെ കാണാത്ത അവതരണമായിരുന്നു. ബഹുഭര്‍തൃത്വം എന്ന പോയകാല കാഴ്ചയേയും ആല പോലെ ഉരുകുന്ന മനുഷ്യമനസിന്റെ സംഘര്‍ഷങ്ങളും പകര്‍ത്തിയെഴുതിയപ്പോള്‍ എഴുത്തുകാരന്‍ എത്രത്തോളം സൂക്ഷ്മതയോടെയാണ് കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടതെന്ന് കൂടി ലോഹി കാണിച്ചുതന്നു.
ലോഹിതദാസിന്റെ സ്ത്രീകഥാപാത്രങ്ങള്‍ക്കും മറ്റുള്ളവരുടെ സൃഷ്ടികളില്‍ നിന്ന് വ്യത്യാസമുണ്ടായിരുന്നു. സിനിമയെ ഒറ്റയ്ക്ക് നയിക്കുന്ന കഥാപാത്രങ്ങള്‍ നായികയ്ക്ക് ലഭിച്ചില്ലെങ്കിലും നിര്‍ണായകഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും എന്ത് പറയണമെന്നും ലോഹിയുടെ നായികമാര്‍ക്ക് അറിയാമായിരുന്നു.
കന്മദത്തിലെ ഭാനുമതിയെ (മഞ്ജുവാര്യര്‍) പോലെ ലോഹിയുടെ മറ്റ് കഥാപാത്രങ്ങള്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ടായിരിക്കില്ല. ഒരുപക്ഷെ വെങ്കലത്തിലെ തങ്കമണിയും ഭരതത്തിലെ ദേവിയും (ഉര്‍വശി) ലോഹിയുടെ അണ്ടര്‍റേറ്റ്ഡ് കഥാപാത്രങ്ങളായിരിക്കാം. ഏട്ടന്‍ മരിച്ച കല്ലൂര്‍ ഗോപിനാഥനെ വീഴാതെ താങ്ങിനിര്‍ത്തുന്ന ഭരതത്തിലെ ദേവി ഉര്‍വശിയുടെ മികച്ച കഥാപാത്രമായി തന്നെ വിലയിരുത്തേണ്ടിവരും.
ഏട്ടന്റെ ശവസംസ്‌കാരം ആരും അറിയാതെ നടത്തിവരുന്ന ഗോപിനാഥനോട് ഗോപിയേട്ടാ തളരല്ലേ എന്ന് പറയുന്ന ദേവിയാണ് ദു:ഖങ്ങളെ നേരിടാന്‍ അയാളെ പ്രാപ്തനാക്കുന്നത്. രാമനാഥനെക്കുറിച്ച് ചോദിച്ചുവരുന്ന ചെറിയച്ഛന്റെ അടുത്ത് നിന്ന് ഞങ്ങളെ സ്വകാര്യമായിട്ട് സൊള്ളാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് കെറുവിച്ച് പോകുന്ന ദേവി, ഭാനുമതിയേക്കാള്‍(കന്മദം) സംഘര്‍ഷങ്ങളെ പേറുന്നുണ്ട്. ഈ പെണ്ണെന്തിനാ അവന്റെ പിന്നാലെ നടക്കുന്നതെന്ന് ഗോപിനാഥന്റെ അമ്മ (കവിയൂര്‍ പൊന്നമ്മ) പറയുമ്പോള്‍ പുറമെ ചിരിച്ചുകൊണ്ട് ‘അല്ലെങ്കില്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോയാലോ’ എന്നാണ് ദേവി പറയുന്നത്.
അശുഭമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തളര്‍ന്ന് കരഞ്ഞുപോകുന്ന പെണ്ണുങ്ങളെയും കരയാതെ പിടിച്ചുനില്‍ക്കുന്ന ആണുങ്ങളേയും കുറിച്ച് പറയുന്ന അതേ കാലത്താണ് ഭരതത്തില്‍ നേര്‍വിപരീതമായി ഗോപിനാഥനും ദേവിയും ഉണ്ടാകുന്നത്. കസ്തൂരിമാനിലെ പ്രിയംവദയിലും (മീര ജാസ്മിന്‍) വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയിലും (സംയുക്താവര്‍മ്മ) ഇതിന്റെ നിഴലാട്ടങ്ങള്‍ കാണാം.
എഴുതാപ്പുറങ്ങള്‍, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവര്‍, ചെങ്കോല്‍, തൂവല്‍ക്കൊട്ടാരം, സല്ലാപം, ജോക്കര്‍, മാഹായാനം… ലോഹിയിലെ എഴുത്തുകാരന് വിശ്രമമില്ലായിരുന്നു. എഴുതുന്നവയെല്ലാം ഹിറ്റാവുകയോ നിരൂപക പ്രശംസ നേടുകയോ ചെയ്തു.
തുടര്‍ച്ചയായ എഴുത്ത് ലോഹിയിലെ കഥാകൃത്തിനെ കൂടുതല്‍ പാകപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്നത്തെ കാലത്ത് പറയുന്നത് പോലെ മാസ്-മസാല ചേരുവകള്‍ ചേര്‍ക്കേണ്ടി വന്നില്ല ലോഹിയ്ക്ക്. കാമ്പുള്ള കഥകള്‍, അഭിനേതാക്കളുടെ ആഴത്തിലുള്ള പകര്‍ന്നാട്ടങ്ങള്‍, പരിചിതമായ സംഭാഷണങ്ങള്‍ വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍…മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുകയായിരുന്നു ലോഹിതദാസ്.
എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ലോഹിതദാസ് സംവിധായകനാകുന്നത്. 1997 ല്‍ പുറത്തുവന്ന ഭൂതക്കണ്ണാടിയിലൂടെ. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
റിയലിസ്റ്റിക് എന്ന ഇന്നത്തെ സിനിമാ സങ്കല്‍പ്പത്തെ അക്കാലത്ത് തന്നെ ലോഹി വരച്ചുകാട്ടി. സമൂഹത്തിലെ സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍. അവരുടെ സംഭാഷണങ്ങളിലൂടെ അതിന് മാറ്റുകൂട്ടി.
മഞ്ജുവാര്യര്‍, മീരാ ജാസ്മിന്‍, ഭാമ, വിനു മോഹന്‍, കലാഭവന്‍ മണി മുതലായ പ്രതിഭകളേയും അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. 20 വര്‍ഷം നീണ്ട കരിയറില്‍ 44 ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഒരു ദേശീയ പുരസ്‌കാരവും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച തിരക്കഥയ്ക്കുള്ള 14 ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
തന്റെ കഥകളിലെ നായകന്റെ അന്ത്യം പോലെയായിരുന്നു ലോഹിയുടെ അവസാനനാളുകള്‍. ഒരുകാലത്ത് തിരക്കഥാരചനയിലെ സൂപ്പര്‍സ്റ്റാറായിരുന്ന ആള്‍ സാമ്പത്തികമായി തകര്‍ന്നുതുടങ്ങി. സിനിമയിലേക്ക് തിരിച്ചുവരാനായി ലോഹി ആഗ്രഹിച്ചു. മോഹന്‍ലാലിനായി ഭീഷ്മര്‍ എന്ന പേരില്‍ സിനിമയൊരുക്കി ലോഹിതദാസ് തിരിച്ചുവരവിന് ശ്രമിക്കുന്നതായി അക്കാലത്താണ് കേള്‍ക്കുന്നത്.
സ്വപ്നപദ്ധതിയായിരുന്ന ഭീഷ്മരെ ഒരുക്കുന്നതിനിടെ ഒരു മഴക്കാലത്ത് ലോഹിതദാസിന്റെ പേന നിശ്ചലമായി. നിര്‍ദയം പെരുമാറിയ വിധിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ആ കഥാകാരന്‍ വിടവാങ്ങി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ