ന്യൂദല്‍ഹി: ലോധി കാലഘട്ടത്തിലെ കുടീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസാക്കിയ അസോസിയേഷനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.
ലോധി കാലത്തെ കുടീരം കയ്യേറ്റം നടത്തി റസിഡന്റ്‌സ് അസോസിയേഷനാക്കാന്‍ കൂട്ടുനിന്നതിനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സുപ്രീം കോടതി വിമര്‍ശിച്ചത്.
ദല്‍ഹി ഡിഫന്‍സ് കോളനിയിലെ വെല്‍ഫെയര്‍ അസോസിയേഷനാണ് 700 വര്‍ഷം പഴക്കമുള്ള ഷെയ്ഖ് അലിയുടെ കുടീരം അനധികൃതമായി കയ്യേറിയത്.
സംരക്ഷിത സ്മാരകങ്ങളിലൊന്നായ ലോധി കുടീരം കയ്യേറിയത് എന്ത് ധൈര്യത്തിലാണെന്നാണ് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരെയും അസോസിയേഷനെതിരെയും വിമര്‍ശനമുന്നയിച്ചത്.
ദല്‍ഹിയിലെ അവസാനത്തെ രാജവംശമായ ലോധികളുടെ 700 വര്‍ഷത്തിലേറെ പഴക്കമുള്ള കുടീരം കൈയ്യേറിയാണ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
കുടീരം അനധികൃതമായി കയ്യേറുക മാത്രമല്ല, ചില അധിക നിര്‍മാണങ്ങള്‍ നടത്തി അസോസിയേഷന്‍ ഓഫീസാക്കി മാറ്റുകയുമാണ് അസോസിയേഷന്‍ അംഗങ്ങള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
കയ്യേറ്റവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ സുപ്രീം കോടതി ഇതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമര്‍ശനം. അനധികൃത കയ്യേറ്റം നടന്നിട്ടും നടപടി സ്വീകരിക്കാത്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം.
പിന്നാലെ കുടീരത്തിന്റെ കേടുപാടുകള്‍ പരിശോധിച്ച് ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 21നായിരിക്കും കോടതി കേസ് പരിഗണിക്കുന്നത്.
Content Highlight: Lodhi Shack Encroached Residents Association; Archaeological Survey of India criticized for not taking action