| Wednesday, 28th September 2016, 3:00 pm

നിയമം അനുസരിച്ചില്ലെങ്കില്‍ ബി.സി.സി.ഐയെ വരച്ചവരയില്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വന്തം നിയമങ്ങള്‍ മാത്രമേ പാലിക്കൂ എന്ന് ബി.സി.സി.ഐ കരുതുന്നുണ്ടെങ്കില്‍ തെറ്റി. കോടതി വിധികള്‍ ധിക്കരിക്കാന്‍ അനുവദിക്കില്ല. 


ന്യൂദല്‍ഹി: ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ(ബി.സി.സി.ഐ) വിമര്‍ശനവുമായി സുപ്രീംകോടതി.

സ്വന്തം നിയമങ്ങള്‍ മാത്രമേ പാലിക്കൂ എന്ന് ബി.സി.സി.ഐ കരുതുന്നുണ്ടെങ്കില്‍ തെറ്റി. കോടതി വിധികള്‍ ധിക്കരിക്കാന്‍ അനുവദിക്കില്ല. ബി.സി.സി.ഐയെ ശരിയായ രീതിയിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ദൈവത്തെപ്പോലെയാണ് ബി.സി.സി.ഐയുടെ പെരുമാറ്റം. നിയമങ്ങള്‍ക്ക് കീഴ്‌പ്പെടുക, അല്ലെങ്കില്‍ ബി.സി.സി.ഐയെ വരച്ച വരയില്‍ കൊണ്ടുവരാന്‍ മറ്റു നടപടികള്‍ സ്വീകരിക്കും. അവരുടെ ഭാഗത്തുനിന്നും ധിക്കാരപരമായ പെരുമാറ്റം ഉണ്ടാകുമെന്നു കരുതിയില്ലെന്നും ടി.എസ് ഠാക്കൂര്‍ വ്യക്തമാക്കി.

ജസ്റ്റിസ് ലോധ സമിതിയുടെ പരിഷ്‌കാര നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള വിശദമായ റിപ്പോര്‍ട്ട് സമിതി സുപ്രീംകോടതിക്കു സമര്‍പ്പിച്ചിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ ഉന്നത ഭരണാധികാരികളെ മാറ്റി സംഘടനയെ ഉടച്ചുവാര്‍ക്കണമെന്നും സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ബി.സി.സി.ഐ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെയും പുതിയ സെക്രട്ടറിയെയും തെരഞ്ഞെടുത്തിരുന്നു. സെലക്ഷന്‍ കമ്മിറ്റി മൂന്നംഗ പാനല്‍ ആയിരിക്കണം, എല്ലാവര്‍ക്കും ടെസ്റ്റ് മല്‍സരപരിചയം ഉണ്ടായിരിക്കണം എന്ന ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിരാകരിച്ചാണ് ബി.സി.സി.ഐ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more