| Saturday, 30th May 2020, 10:24 pm

ആഫ്രിക്ക, ഒമാന്‍, പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉത്തരേന്ത്യയിലും വെട്ടുകിളിക്കൂട്ടം കേരളത്തിലും എത്തുമോ?

രോഷ്‌നി രാജന്‍.എ

നമ്മുടെ ഒരു കൈവിരലിന്റെ പകുതിപോലും വലുപ്പമില്ലാത്ത ഒരു ജീവി നിരവധി രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമെന്നോ? അറിയണം, വെട്ടുകിളികള്‍ ലോകരാജ്യങ്ങളെ നടുക്കുന്നത് എങ്ങനെയെന്നത്, ഒരു ദിവസം പത്ത് ആനകളോ 25 ഒട്ടകങ്ങളോ 2500 ആളുകളോ കഴിക്കുന്നതിന് തുല്യമായ ഭക്ഷണമാണ് ഒരു ചെറിയ വെട്ടുകിളി സംഘം കഴിക്കുന്നത്. അപ്പോള്‍ ഈ വെട്ടുകിളികള്‍ വലിയ വലിയ കൂട്ടങ്ങളായി മാറിയാലോ?

വെട്ടുകിളി ആക്രമണം കേരളത്തെയും ബാധിക്കുമോ എന്ന ആശങ്കയാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. വയനാട് അടക്കമുള്ള ജില്ലകളില്‍ വെട്ടുകിളി ആക്രമണങ്ങള്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകളും വന്നിരുന്നു. കേരളത്തില്‍ ഇതുവരെയുണ്ടായത് വെട്ടുകിളി ആക്രമണം തന്നെയാണോ, എന്താണ് ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യം. ഇപ്പോള്‍ രാജ്യത്തി നിലവിലുള്ള ലോക്ഡൗണും വെട്ടുകിളികളുടെ പെരുകലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ വെട്ടുകിളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളുടെ വസ്തുകള്‍ പരിശോധിക്കുകയാണ് ഡൂള്‍ എക്‌സ്‌പ്ലൈനര്‍.

മരുഭൂമികളില്‍ നിന്നു വരുന്ന വെട്ടുകിളികള്‍.

ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് വെട്ടുകിളികള്‍ മുട്ടയിടുകയെന്നതിനാല്‍ മരുഭൂമികളാണ് ഇവയുടെ ആവാസവ്യവസ്ഥ. ഇന്ത്യയില്‍ രാജസ്ഥാനാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രം. എന്നാല്‍ ഇവയ്ക്ക് മുട്ടയില്‍ നിന്നും വിരിഞ്ഞ് വന്ന് ചിറക് മുളക്കുന്ന ഘട്ടത്തില്‍ (ഹോപ്പര്‍ ഡെവലപ്മെന്റ് ) ഭക്ഷണമായി പച്ചപ്പിന്റെ ആവശ്യം വരും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കില്‍ ഇവയുടെ ആവശ്യത്തിനുള്ള ഭക്ഷണം മരുഭൂമികളില്‍ നിന്ന് ലഭിക്കണമെന്നില്ല.

ഒറ്റയ്ക്കോ ചെറിയ കൂട്ടമായോ ഉള്ള വെട്ടുകിളികള്‍ അപകടകാരികളല്ല. എന്നാല്‍ ഇവയുടെ എണ്ണം കൂടുന്നതിനുസരിച്ച് സ്വഭാവത്തില്‍ മാറ്റം വരും. വലിയ സംഘങ്ങളായി മാറും. ഒരു വെട്ടുകിളിക്കൂട്ടത്തില്‍ 4 കോടി മുതല്‍ 8 കോടി വരെ അംഗങ്ങളുണ്ടാവും. വെട്ടുകിളികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇവയുടെ ഒരു തലമുറയിലെ എണ്ണം ഇരുപത് ഇരട്ടിയായി വര്‍ധിക്കും. അതായത് തുടര്‍ന്നുള്ള പ്രജനനങ്ങളില്‍ ഇവയുടെ എണ്ണം ഇതിലും കൂടും. ഇത്തരമൊരു അവസ്ഥയാണ് മരുഭൂമികളിലെ വെട്ടുകിളികളില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്.

ഒരു ദിവസം 150 കിലോ മീറ്റര്‍ ദൂരം വരെ ഇവ കൂട്ടമായി സഞ്ചരിക്കും. പൂര്‍ണ്ണ വളര്‍ച്ച എത്തി ആക്രമണ സ്വഭാവത്തോടെ സഞ്ചരിക്കുന്ന പാതയിലുള്ള പച്ചപ്പെല്ലാം തിന്ന് നിരപ്പാക്കുകയും ചെയ്യും. ഇവരുടെ ഇളയ പ്രായത്തില്‍ ഇവര്‍ അനിയന്ത്രിതമായി പച്ചപ്പ് അകത്താക്കും. ഇത്തരത്തിലുള്ള ഒരു വെട്ടുകിളിക്കൂട്ടം ദിനംപ്രതി അവയുടെ ഭാരത്തിന്റെ അതേ അളവില്‍ തന്നെ ഭക്ഷണം കഴിക്കും. ഒരു ദിവസം പത്ത് ആനകളോ 25 ഒട്ടകങ്ങളോ 2500 ആളുകളോ കഴിക്കുന്നതിന് തുല്യമായ ഭക്ഷണമാണ് ഒരു ചെറിയ വെട്ടുകിളി സംഘം അകത്താക്കുക.

ഇത്ര വലിയ രീതിയില്‍ വെട്ടുകിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാന്‍ കാരണം കാലാവസ്ഥയില്‍ വന്ന മാറ്റം ഇവയുടെ പ്രജനനത്തിന് അനുകൂലമായതുകൊണ്ടാണ്. നല്ല മഴ ലഭിക്കുന്നത് ഇവയ്ക്ക് മരുഭൂമികളില്‍ മുട്ടയിടാനുള്ള സസ്യങ്ങള്‍ വളരാന്‍ കാരണമാവുകയും ഇവയുടെ ഹോപ്പര്‍ ഡെവലപ്മെന്റ് ഘട്ടത്തില്‍ ആവശ്യത്തിന് പച്ചപ്പ് നല്‍കുകയും ചെയ്യും.

ഈ വര്‍ഷത്തെ പ്രതിസന്ധിക്ക് കാരണമായതും ഇതാണ്. വെട്ടുകിളികള്‍ പ്രധാനമായും മുട്ടയിടുന്ന സ്ഥലങ്ങള്‍ എത്യോപ്യ, സൊമാലിയ, എറിത്രിയ, കിഴക്കന്‍ ആഫ്രിക്കന്‍ ഭാഗങ്ങള്‍, പാകിസ്താനിലെ ബലോചിസ്താന്‍, ഖൈബര്‍ പഖ്തുഖാവ പ്രവിശ്യകള്‍, ഒപ്പം യെമന്‍, ഒമാന്‍, തെക്കന്‍ ഇറാന്‍ ഭാഗങ്ങള്‍, എന്നിവിടങ്ങളിലാണ്.

ഇതിലെ മിക്കയിടങ്ങളിലും മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നല്ല മഴ ലഭിച്ചിട്ടുണ്ട്. ഇത് ഇവയുടെ ക്രമാതീതമായ പെരുകലിന് കാരണമാവുകയും ചെയ്തു. സാധാരണയായി ജൂലൈ ഒക്ടോബര്‍ മാസത്തിലാണ് ഇവ രാജസ്ഥാനില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ ഏപ്രില്‍ ആദ്യം ഇവ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

വെട്ടുകിളികള്‍ എന്തുകൊണ്ടാണ് ഇത്തവണ നേരത്തേ എത്തിയതെന്നാല്‍ 2018 ല്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇതില്‍ ഒരു പ്രധാന ഘടകമാണ്. ആ വര്‍ഷം ഒമാന്‍ ,യെമന്‍ എന്നീ രാജ്യങ്ങളില്‍ മെക്നു, ലുബാന്‍ എന്നീ ചുഴലിക്കാറ്റുകളും കനത്ത മഴയും സംഭവിച്ചിരുന്നു. ഇവിടത്തെ മരുഭൂമികളില്‍ പെയ്ത മഴയാണ് വെട്ടുകിളികളുടെ പ്രജനനം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കിയത്.

കേരളത്തെ വെട്ടുകിളികള്‍ ബാധിക്കുമോ?

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും കേരളത്തെ വെട്ടുകിളി ആക്രമണം ബാധിക്കുമോ എന്ന ആശങ്കയാണ് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് വെട്ടുകിളികള്‍ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേരളത്തില്‍ ചിലയിടങ്ങളിലായി വെട്ടുകിളികള്‍ വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍ കേരളത്തില്‍ വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായി എന്ന രീതിയില്‍ വന്ന വാര്‍ത്തകളില്‍ വസ്തുതാപരമായ ചില പിഷകുകള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടത് ഉത്തരേന്ത്യയിലേതിന് സമാനമായ വെട്ടുകിളികളെല്ലെന്നും ഇവ സ്‌പോട്ടഡ് കോഫി ഗ്രാസ്‌ഹോപ്പര്‍ വിഭാഗത്തില്‍ പെട്ടവയാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വയനാട്ടിലെ പുല്‍പ്പള്ളി, വെള്ളമുണ്ട മേഖലകളിലെ കൃഷിയിടങ്ങളില്‍ ആണ് സ്‌പോട്ടഡ് കോഫി ഗ്രാസ്‌ഹോപ്പര്‍ കൂടുതലായി കണ്ടത്. വയനാട്ടില്‍ കണ്ട പുല്‍ച്ചാടി വിഭാഗം വിളനാശം ഉണ്ടാക്കിയിട്ടില്ലെന്നും പുല്‍ച്ചാടികള്‍ ഭക്ഷിച്ചതായി കണ്ട കാപ്പിയുടെയും വാഴയുടെയും ഇലകള്‍ ഒരു മാസത്തിനകം പൂര്‍വ്വസ്ഥിതിയിലായിട്ടുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക് ഡൗണും വെട്ടുകിളി ആക്രമണവും തമ്മില്‍ ബന്ധമുണ്ടോ?

വെട്ടുകിളികളുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ലോകസ്റ്റ് വാര്‍ണിംഗ് ഓര്‍ഗൈനൈസേഷന്‍ ഈ വര്‍ഷത്തെ റാബി കൃഷി സീസണ്‍ സമയത്ത് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില മേഖലകളില്‍ വെട്ടുകിളികളുടെ അസാധാരണ സാന്നിധ്യമുണ്ടാവുമെന്ന രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയത്ത് ചില നിയന്ത്രണ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇവയുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും വെട്ടുകിളികളുടെ വര്‍ധനവിന് അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്തു. ഈ സമയത്ത് ബലോചിസ്താന്‍, സിന്ധ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ വെട്ടുകിളി കൂട്ടങ്ങളുടെ പ്രബല സാന്നിധ്യമുണ്ടായിരുന്നു. ഈ രാജ്യങ്ങളിലെ വെട്ടുകിളി കൂട്ടങ്ങളില്‍ പെട്ടവര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നതും.

വളരെ കൂടിയ എണ്ണത്തില്‍ വന്നിരിക്കുന്ന ഈ വെട്ടുകിളികളുടെ വിശപ്പ് മാറ്റാനുള്ളത്രയും വിളകള്‍ രാജസ്ഥാന്‍ വയലുകളില്‍ ഇപ്പോഴില്ല. അതിനാലാണ് ഇവ രാജ്യങ്ങളും സംസ്ഥാനങ്ങളുമെല്ലാം കടന്ന് പച്ചപ്പുള്ള ഇടങ്ങളിലേക്ക് ചേക്കേറുന്നത്. എല്‍.ഡബ്ല്യൂ.ഒ പറയുന്ന കണക്കു പ്രകാരം നിലവില്‍ രാജസ്ഥാനില്‍ മൂന്നോ നാലോ വെട്ടുകിളി സംഘങ്ങളാണ് ഉള്ളത്.

അതായത് ഒരു സംഘത്തില്‍ ശരാശരി വരുന്ന നാലു കോടി വെട്ടുകിളികള്‍ എന്ന കണക്കെടുത്താല്‍ 16 കോടിയോളം വെട്ടുകിളികള്‍ രാജസ്ഥാനിലുണ്ട്. മധ്യപ്രദേശില്‍ രണ്ടോ മൂന്നോ വെട്ടു കിളി സംഘമുണ്ടെന്നാണ് കണക്കുകള്‍. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും പരന്ന വെട്ടുകിളിക്കൂട്ടം ഇപ്പോള്‍ മഹാരാഷ്ട്രയിലേക്കും ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും പരന്നിരിക്കുകയാണ്.

രാജസ്ഥാനില്‍ മാത്രം 90000 ഹെക്ടര്‍ കൃഷിയിടമാണ് വെട്ടുകിളി ആക്രമണത്തില്‍ നശിച്ചത്. നിലവില്‍ ഉത്തരേന്ത്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും വെട്ടുകിളി ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന മുന്നറിയിപ്പുകളാണ് വന്നുകൊണ്ടിരുക്കുന്നത്.

വെട്ടുകിളികളുടെ പേരില്‍ പാക്കിസ്ഥാനുമേലുള്ള ആരോപണങ്ങളുടെ സത്യാവസ്ഥയെന്ത്?

രാജസ്ഥാനില്‍ എത്തിയ വെട്ടുകിളിക്കൂട്ടങ്ങള്‍ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ആക്രമണമെന്നാണ പ്രചരണങ്ങളും വന്നിരുന്നു. കേരളത്തില്‍ ജനം ടി.വി ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ അത്തരത്തില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്തു.

എന്നാല്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ നിന്നും മറ്റു ഏഷ്യന്‍ ഭാഗങ്ങളില്‍ നിന്നും കൂട്ടമായി ഇന്ത്യയിലേക്ക് വരുന്ന വെട്ടുകിളി കൂട്ടങ്ങള്‍ ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിനാണ് വഴിയൊരുക്കുന്നത് എന്നാണ് വസ്തുത.

അതിര്‍ത്തി തര്‍ക്കവും, അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ സമയത്ത് പോലും ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് വെട്ടുകിളികളുടെ ആക്രമണത്തിനെതിരെയാണ് എന്നതാണ് വസ്തുത. 1964 ലാണ് വെട്ടുകിളി ആക്രമണത്തിനെതിരെ ഇന്ത്യ, പാകിസ്താന്‍,അഫ്ഘാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി എഫ്.എ.ഒ ഡെസേര്‍ട്ട് ലോകസ്റ്റ് കമ്മീഷന്‍ രൂപീകരിച്ചത്. വെട്ടുകിളി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനായിരുന്നു ഈ കമ്മീഷന്‍ രൂപീകരിച്ചത്.

അത് മാത്രമല്ല വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്താനും സംയുക്തമായി വെട്ടുകിളി ആക്രമണം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തി വരുന്നുമുണ്ട്. ഇരു രാജ്യങ്ങളിലെയും വെട്ടുകിളി നിയന്ത്രണ ഓഫീസര്‍മാരാണ് ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.

2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് പോലും ഇരു രാജ്യങ്ങളും വെട്ടുകിളികള്‍ക്കെതിരായി പരസ്പരം സഹകരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സമീപകാലത്ത് 2011-ല്‍ മാത്രമാണ് ഈ കൂടിക്കാഴ്ച നടക്കാതെ പോയത്.

വെട്ടുകിളി ആക്രമണത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, ഇരു രാജ്യങ്ങളിലെയും സര്‍വേ സ്ഥലങ്ങള്‍, വെട്ടുകിളി ബാധ, പച്ചപ്പ്, മഴയുടെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യുക എന്നതാണ് ഈ കൂടിക്കാഴ്ചകളില്‍ സംഭവിക്കുന്നത്.

കൊവിഡ് 19 എന്ന മഹാമാരിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോവുകയും മുന്‍പത്തേതിലും വലിയ രീതിയില്‍ കാര്‍ഷികമേഖലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്നൊരു ഘട്ടത്തിലാണ് വെട്ടുകിളി ആക്രമണവും രാജ്യത്തെ ബാധിക്കുന്നത്. ഭക്ഷ്യക്ഷാമം വലിയൊരു പ്രതിസന്ധിയായി നില്‍ക്കുന്നൊരു ഘട്ടത്തില്‍ വെട്ടുകിളി ആക്രമണം രാജ്യത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാവുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.