ഇന്ത്യയിലും പാകിസ്താനിലും ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുകയാണ് മരുഭൂമികളില്‍ നിന്നു വരുന്ന വെട്ടുകിളികള്‍. രാജസ്ഥാന്‍ പാടങ്ങളിലെ ഭക്ഷണം മതിയാവാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന വെട്ടുകിളികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിശോധിക്കാം,
മരുഭൂമികളിലെ വെട്ടുകിളികള്‍
പുല്‍ച്ചാടികളുടെ വിഭാഗത്തില്‍പ്പെട്ട ജീവി വര്‍ഗമാണ് മരുഭൂമികളിലെ വെട്ടുകിളികള്‍. മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഇവ വളരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുക. അതിനാല്‍ ഇവരുടെ ആവാസ വ്യവസ്ഥ മരുഭൂമികളിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഇവയുടെ പ്രജനന കേന്ദ്രം.
എന്നാല്‍ ഇവയ്ക്ക് മുട്ടയില്‍ നിന്നും വിരിഞ്ഞ് വന്ന് ചിറക് മുളക്കുന്ന ഘട്ടത്തില്‍ (ഹോപ്പര്‍ ഡെവലപ്‌മെന്റ് ) ഭക്ഷണമായി പച്ചപ്പിന്റെ ആവശ്യം വരും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കില്‍ ഇവയുടെ ആവശ്യത്തിനുള്ള ഭക്ഷണം മരുഭൂമികളില്‍ നിന്ന് ലഭിക്കണമെന്നില്ല.
ഒറ്റയ്‌ക്കോ ചെറിയ കൂട്ടമായോ ഉള്ള വെട്ടുകിളികള്‍ അപകടകരമല്ല. എന്നാല്‍ ഇവയുടെ എണ്ണം കൂടുന്നതിനുസരിച്ച് ഇവയുടെ സ്വഭാവത്തില്‍ മാറ്റം വരും. വലിയ സംഘങ്ങളായി ഇവ മാറും. ഒരു സ്‌ക്വയര്‍ കിലോ മീറ്റര്‍ പരിധിയിലുള്ള ഒരു വെട്ടു കിളിക്കൂട്ടത്തില്‍ 4 കോടി മുതല്‍ 8 കോടി വരെ അംഗങ്ങളുണ്ടാവും. വെട്ടുകിളികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇവയുടെ ഒരു തലമുറയിലെ എണ്ണം ഇരുപത് ഇരട്ടി വര്‍ധിക്കും. അതായത് തുടര്‍ന്നുള്ള പ്രജനങ്ങളില്‍ ഇവയുടെ എണ്ണം ഇതിലും കൂടും. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ഒരു ദിവസം 150 കിലോ മീറ്റര്‍ ദൂരം വരെ ഇവ കൂട്ടമായി സഞ്ചരിക്കും. ഈ സഞ്ചരിക്കുന്ന പാതയിലുള്ള പച്ചപ്പെല്ലാം തിന്ന് നിരപ്പാക്കുകയും ചെയ്യും.
ഇണചേരുന്നതിനു മുമ്പേയുള്ള കൂട്ടങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യയില്‍ വന്നിരിക്കുന്ന വെട്ടുകിളി സംഘം. ഇവരുടെ ഇളയ പ്രായത്തില്‍ ഇവര്‍ അനിയന്ത്രിതമായി പച്ചപ്പ് അകത്താക്കും. ഇത്തരത്തിലുള്ള ഒരു വെട്ടുകിളി ദിനംപ്രതി അവയുടെ ഭാരത്തിന്റെ അതേ അളവില്‍ തന്നെ ഭക്ഷണം കഴിക്കും. ഒരു ദിവസം പത്ത് ആനകളുടെയോ, 25 ഒട്ടകങ്ങളുടെയോ 2500 ആളുകളുടേതിനു തുല്യമായ ഭക്ഷണമാണ് ഒരു ചെറിയ വെട്ടുകിളി സംഘം അകത്താക്കുക.
ഇത്ര വലിയ രീതിയില്‍ വെട്ടുകിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവാന്‍ കാരണം കാലാവസ്ഥയില്‍ വന്ന മാറ്റം ഇവയുടെ പ്രജനനത്തിന്
അനുകൂലമായതാണ്. നല്ല മഴ ലഭിക്കുന്നത് ഇവയ്ക്ക് മരുഭൂമികളില്‍ മുട്ടയിടാനുള്ള സസ്യങ്ങള്‍ വളരാന്‍ കാരണമാവുകയും ഇവയുടെ ഹോപ്പര്‍ ഡെവലപ്‌മെന്റ് ഘട്ടത്തില്‍ ആവശ്യത്തിന് പച്ചപ്പ് നല്‍കുകയും ചെയ്യും.
ഈ വര്‍ഷത്തെ പ്രതിസന്ധിക്ക് കാരണമായതും ഇതാണ്. വെട്ടുകിളികള്‍ പ്രധാനമായും മുട്ടയിടുന്ന സ്ഥലങ്ങള്‍ എത്യോപ്യ, സൊമാലിയ, എറിത്രിയ, കിഴക്കന്‍ ആഫ്രിക്കന്‍ ഭാഗങ്ങള്‍, പാകിസ്താനിലെ ബലോചിസ്താന്‍, ഖൈബര്‍ പഖ്തുഖാവ പ്രവിശ്യകള്‍, ഒപ്പം യെമന്‍, ഒമാന്‍, തെക്കന്‍ ഇറാന്‍ ഭാഗങ്ങള്‍, എന്നിവിടങ്ങളിലിലാണ്. ഇതിലെ മിക്കയിടങ്ങളിലും മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നല്ല മഴ ലഭിച്ചിട്ടുണ്ട്. ഇത് ഇവയുടെ ക്രമാതീതമായ ഉല്‍പാദനത്തിന് കാരണമായി.
ഏപ്രില്‍ ആദ്യമാണ് ഇവ രാജസ്ഥാനിലേക്ക് കടക്കുന്നത്. സാധാരണയായി ഇവ ജൂലൈ ഒക്ടോബര്‍ മാസത്തിലാണ് ഇവ രാജസ്ഥാനില്‍ എത്താറുള്ളത്.
എന്തു കൊണ്ട് ഇത്തവണ നേരത്തെ എത്തി?
2018 ല്‍ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇതില്‍ ഒരു പ്രധാന ഘടകമാണ്. ആ വര്‍ഷം ഒമാന്‍ ,യെമന്‍ എന്നീ രാജ്യങ്ങളില്‍ മെക്‌നു, ലുബാന്‍ എന്നീ ചുഴലിക്കാറ്റുകള്‍ക്കും കനത്ത മഴയ്ക്കും ഇടയാക്കിയിരുന്നു. ഇവിടത്തെ മരുഭൂമികളില്‍ പെയ്ത മഴ വെട്ടുകിളികളുടെ പ്രജനനം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കി.
‘ലോക്ഡൗണില്‍ ലാവിഷായ’ വെട്ടുകിളികള്‍
വെട്ടുകിളികളുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എല്‍.ഡബ്ല്യു.ഒ ( ലോകസ്റ്റ് വാര്‍ണിംഗ് ഓര്‍ഗൈനൈസേഷന്‍) ഈ വര്‍ഷത്തെ റാബി കൃഷി സീസണ്‍ സമയത്ത് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെട്ടുകിളുടെ അസാധാരണ സാന്നിധ്യത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയത്ത് ചില നിയന്ത്രണ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇവയുടെ വര്‍ധനവിന് അനുകൂല സാഹചര്യമൊരുക്കി. ഈ സമയത്ത് ബലോചിസ്താന്‍, സിന്ധ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ വെട്ടുകിളി കൂട്ടങ്ങളുടെ പ്രബല സാന്നിധ്യമുണ്ടായിരുന്നു. ഈ രാജ്യങ്ങളിലെ വെട്ടുകിളി കൂട്ടങ്ങളില്‍ പെട്ടവര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നതും.
വളരെ കൂടിയ എണ്ണത്തില്‍ വന്നിരിക്കുന്ന ഈ വെട്ടുകിളികളുടെ വിശപ്പ് മാറ്റാനുള്ളത്രയും ഭക്ഷണം രാജസ്ഥാന്‍ വയലുകളില്‍ ഇപ്പോഴില്ല.
തുടര്‍ന്ന് ഇവ പച്ചപ്പുള്ള എല്ലായിടങ്ങളിലേക്കും ചേക്കേറി. എല്‍.ഡബ്ല്യൂ.ഒ പറയുന്ന കണക്കു പ്രകാരം നിലവില്‍ രാജസ്ഥാനില്‍ മൂന്നോ നാലോ വെട്ടുകിളി സംഘങ്ങളാണ് ഉള്ളത്.
അതായത് ഒരു സംഘത്തില്‍ ശരാശരി വരുന്ന നാലു കോടി വെട്ടുകിളികള്‍ എന്ന കണക്കെടുത്താല്‍ 16 കോടിയോളം വെട്ടുകളികള്‍ രാജസ്ഥാനിലുണ്ട്. മധ്യപ്രദേശില്‍ രണ്ടോ മൂന്നോ വെട്ടു കിളി സംഘമുണ്ടെന്നാണ് കണക്കുകള്‍. പ്രജനനത്തിനു ശേഷം ഇവ സഞ്ചാരം നിര്‍ത്തും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക