| Saturday, 6th July 2024, 9:23 pm

'മതിയായ വിശ്രമം ലഭിക്കുന്നില്ല'; രാഹുൽ ​ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രശ്ങ്ങൾ പങ്കുവെച്ച് ലോക്കോ പൈലറ്റുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജീവനക്കാരുടെ കുറവുമൂലം മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന് ലോക്കോ പൊലറ്റുമാർ. ദൽഹി റെയിൽവേ സ്റ്റേഷനിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയോട് തങ്ങളുടെ പ്രശ്നങ്ങൾ ലോക്കോ പൊലറ്റുമാർ വിവരിച്ചു.

വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലോക്കോ പൈലറ്റുമാരെ ദൽഹി റെയിൽവേ സ്‌റ്റേഷനിൽ വച്ച് രാഹുൽ ​ഗാന്ധി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കണ്ടത്.

ലോക്കോ പൈലറ്റുമാർ വളരെ ദൂരത്തേക്കാണ് ട്രെയിനുകൾ ഓടിക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും മതിയായ ഇടവേളകളില്ലാതെ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടി വരാറുണ്ടെന്നും ലോക്കോ പൈലറ്റുമാർ രാഹുലിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഇത് വലിയ സമ്മർദ്ദത്തിനും ഏകാഗ്രത കുറയുന്നതിനും കാരണമാകുന്നു. ഇതൊക്കെയാണ് അപകടങ്ങളുടെ പ്രധാന കാരണമാണമെന്നും അവർ കൂട്ടിച്ചേർത്തു. വിശാഖപട്ടണത്ത് നടന്ന അപകടത്തിൽ അടുത്തിടെ നടന്ന അന്വേഷണം ഉൾപ്പെടെ ഒന്നിലധികം റിപ്പോർട്ടുകളിൽ ഇത് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ലോക്കോ പൈലറ്റുമാർ ആഴ്ചയിൽ 46 മണിക്കൂർ വിശ്രമമാണ് ആവശ്യപ്പെടുന്നത്. റെയിൽവേ ആക്ട് 1989ഉം മറ്റ് നിയമങ്ങളും ഇതിനകം ആഴ്ചയിൽ 16 മുതൽ 30 മണിക്കൂർ വിശ്രമം അനുവദിക്കുന്നുണ്ട്. എന്നാൽ അത് നടപ്പാക്കപ്പെടുന്നില്ല.

തുടർച്ചയായി രണ്ട് രാത്രി ഡ്യൂട്ടിക്ക് ശേഷം ഒരു രാത്രി വിശ്രമിക്കണമെന്നും ട്രെയിനുകളിൽ പൈലറ്റുമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ലോക്കോ പൈലറ്റുമാർ ആവശ്യപ്പെട്ടതായി കോൺ​ഗ്രസ് അറിയിച്ചു.

ലോക്കോ പൈലറ്റുമാരുടെ റിക്രൂട്ട്‌മെൻ്റ് സർക്കാർ നിർത്തിവച്ചതാണ് ജീവനക്കാരുടെ കുറവുകാരണം വിശ്രമമില്ലായ്മയ്ക്ക് കാരണമെന്ന് പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് വർഷമായി, പതിനായിരക്കണക്കിന് ഒഴിവുകൾ ഉണ്ടായിട്ടും ഒരു ലോക്കോ പൈലറ്റിനെ പോലും റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നിയമിച്ചിട്ടില്ലെന്നും കോൺ​ഗ്രസ് ആരോപിച്ചു.

Content Highlight: Loco pilots shared their problems during the meeting with Rahul Gandhi

We use cookies to give you the best possible experience. Learn more