ന്യൂദല്‍ഹി: മനേസര്‍ പ്ലാന്റ് അടച്ചുപൂട്ടിയെങ്കിലും രാജ്യമെമ്പാടുമുള്ള ഡീലേഴ്‌സിന് കാര്‍ വിതരണം ചെയ്യുന്നത് തുടരുമെന്ന് മാരുതി സുസുക്കി അറിയിച്ചു. മനേസറിലെ ഗോഡൗണില്‍ 26,000 യൂണിറ്റുകളുടെ സ്‌റ്റോക്ക് ഇപ്പോഴുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം.എം സിങ് പറഞ്ഞു. []
വെള്ളിയാഴ്ച മുതല്‍ രാജ്യമെമ്പാടുമുള്ള ഡീലേഴ്‌സിന് കാര്‍ വിതരണം ചെയ്തു തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഗുര്‍ഗൗണിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന കാറുകള്‍ മനേസറിലാണ് സൂക്ഷിക്കാറുള്ളതെന്നും ഇവിടെ നിന്നും ഡീലേഴ്‌സിന് വിതരണം ചെയ്യുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
പണമുണ്ടാക്കാന്‍ അല്‍പം കാറുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍, ഇപ്പോള്‍ പ്രധാനം തന്റെ സഹപ്രവര്‍ത്തകരുടെ സുരക്ഷയാണെനന് സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. പ്ലാന്റ് എന്നു തുറക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ലെങ്കിലും ആറു മാസത്തേക്ക് അടഞ്ഞു കിടന്നാല്‍ പ്ലാന്റിന്റെ കാര്യക്ഷമത താഴേക്കു പോകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലാന്റ് മറ്റു സംസ്ഥാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഭാര്‍ഗവ വ്യക്തമാക്കി.
ബുധനാഴ്ചത്തെ കലാപശേഷം മാരുതിയുടെ പ്ലാന്റ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. തൊഴിലാളി- മാനേജ്‌മെന്റ് പ്രതിനിധികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എച്ച്.ആര്‍ വിഭാഗം സീനിയര്‍ മാനേജര്‍ അവനിഷ് കുമാര്‍ ദേവ് മരിച്ച സംഭവത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്ലാന്റ് തുറന്നാല്‍ മതിയെന്നാണ് തീരുമാനം.