കോഴിക്കോട്: പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കോയമ്പത്തൂര്‍-കണ്ണുര്‍ പാസഞ്ചറിലെ ലോക്കോപൈലറ്റിനെ യാത്രികന്‍ ക്യാബിനില്‍ക്കയറി മര്‍ദിച്ചു. ഇന്നലെ വൈകീട്ട് തീവണ്ടി തിരൂരില്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. രക്ഷിക്കാനെത്തിയ അസിസ്ന്റ് ലോക്കോപൈലറ്റിനും മര്‍ദ്ദനമേറ്റു.
സീനിയര്‍ ലോക്കോ പൈലറ്റ് കൊയിലാണ്ടി ചേമഞ്ചേരി കമ്പിവളപ്പില്‍ പി.കെ. ഉണ്ണികൃഷ്ണ( 52 )നാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ പാലക്കാട് തെക്കേപ്പറ്റ സ്വദേശി ശ്രീനാഥിനെ (22) റെയില്‍വേ പോര്‍ട്ടര്‍മാരുടെ സഹായത്തോടെ കോഴിക്കോട് പൊലിസെത്തി അറസ്റ്റ് ചെയ്തു.
മര്‍ദനമേറ്റ ശേഷവും ഉണ്ണികൃഷ്ണന്‍ അടുത്ത സ്റ്റേഷനായ താനൂര്‍വരെ വണ്ടി ഓടിച്ചിരുന്നു. ഇതിനിടെ തലകറക്കം അനുഭവപ്പെട്ട ഇദ്ദേഹത്തെ അതുവഴി കടന്നുപോയ കോയമ്പത്തൂര്‍-ബിക്കാനീര്‍ എക്സ്പ്രസ് നിര്‍ത്തിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
പുതിയ ലോക്കോ പൈലറ്റ് എത്തിയശേഷം രണ്ടുമണിക്കൂര്‍ വൈകിയാണ് പാസഞ്ചര്‍ താനൂരില്‍നിന്ന് യാത്ര തുടര്‍ന്നത്. ലോക്കോ ലൈറ്രുമാറെ മര്‍ദ്ദിക്കുന്നത് കണ്ട മാറ്റുയാത്രികരാരും സംഭവത്തില്‍ ഇടപെട്ടിരുന്നില്ല. ഈ സമയത്ത് യാത്രക്കാര്‍ മൊബൈലില്‍ വിഡിയോയെടുക്കുകയായിരുന്നു.
“എന്തുകൊണ്ട് ട്രെയിന്‍ വൈകിയോടുന്നു” എന്ന് ഇംഗ്ലീഷില്‍ ചോദിച്ചുകൊണ്ടാണ് ശ്രീനാഥ് എന്‍ജിന്‍ കാബിനിലേക്ക് കയറിയതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വാതിലടച്ചശേഷം തന്റെ നെഞ്ചത്ത് ചവിട്ടി താഴെയിട്ട് തുടരെ മര്‍ദിക്കുകയായിരുന്നെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ഇരുവരെയും കോഴിക്കോട് പി.വി.എസ്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.