| Thursday, 26th March 2020, 4:22 pm

ലോക്ഡൗണ്‍ കൊണ്ടുമാത്രം കാര്യമില്ല ലോകാരോഗ്യസംഘടന ഇന്ത്യയോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ലോക്ഡൗണിന് പുറമെയുള്ള സുരക്ഷാ നടപടികള്‍ എടുക്കാത്ത പക്ഷം കൊവിഡ് വ്യാപനം തടയാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം അറിയിച്ചിരിക്കുന്നത്.

” അത്യാവശ്യ നടപടികള്‍ നടപ്പാക്കാത്ത പക്ഷം ലോക്ഡൗണില്‍ നിന്നും പുറത്തുപോവുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പുറത്തുപോവുകയാണെങ്കില്‍ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവും. ഇന്ത്യക്ക് മികച്ച കഴിവുണ്ട്. പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. പുതിയ കേസുകള്‍ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം, ടെസ്റ്റുകള്‍ നടത്തണം, ചികിത്സിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രാപ്തി വിശാലമാക്കണം. ഇത് നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി വേഗതയുണ്ടെങ്കില്‍…,” ജനീവയില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കിക്കൊണ്ട് ടെഡ്രോസ് പറഞ്ഞതിങ്ങനെയാണ്.

ഇന്ത്യയില്‍ നിലവിലുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന നേരത്തേ ആശങ്ക പ്രകടിപ്പിച്ചതാണ്. പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകളായ എന്‍ 95 മാസ്‌ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേത്തന്നെ അറിയിച്ചിരുന്നു. ഫ്രെബ്രുവരി 27നാണ് ഇതുമായി ബന്ധപ്പെട്ട ഗൈഡ്‌ലൈന്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കുന്നത്.
ഇതിനു ശേഷവും മാര്‍ച്ച് 19 വരെ ലോക ജനസംഖ്യയില്‍ രണ്ടാമതുള്ള ഹെല്‍ത്ത് കെയര്‍ റാങ്കിങ്ങില്‍ 145ാമതുള്ള ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകള്‍ കയറ്റി അയക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ലഭിച്ച് ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമാണ് ഇന്ത്യ കയറ്റുമതി നിര്‍ത്തിയത്. അതായത് മാര്‍ച്ച് 19ന് ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 180 കടന്ന ദിവസം.

ജനുവരി 31ന് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രെയ്ഡ് എല്ലാ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകളുടെയും കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഫ്രെബ്രുവരി 8ന് അതായത് കൊവിഡ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും കയറ്റുമതിയ്ക്ക് അനുമതി നല്‍കുകയായിരുന്നു എന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.

പിന്നീട് ഫെബ്രുവരി 25ന് ഇറ്റലിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രസ്തുത ഉത്തരവില്‍ വീണ്ടും ഇളവ് നല്‍കി സര്‍ക്കാര്‍ 8 ജീവന്‍ രക്ഷാ ഉത്പന്നങ്ങള്‍ കൂടി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ എന്‍.95 മാസ്‌ക് ഒഴികെയുള്ള ആവശ്യവസ്തുക്കള്‍ മാത്രമാണ് കയറ്റി അയച്ചതെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞത്.

ഇന്ത്യയില്‍ ആവശ്യത്തിന് എന്‍ 95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യതക്കുറവുണ്ടെന്ന് നേരത്തേ ഡോക്ടര്‍മാര്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാവുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

സാധാരണനിലയില്‍ പോലും പരിതാപകരമായ അവസ്ഥയില്‍ നീങ്ങുന്ന ആരോഗ്യസംവിധാനങ്ങളുള്ള രാജ്യത്ത് കൊവിഡ്-19 പോലൊരു മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ നേരിടാന്‍ നടത്തുന്ന ഒരുക്കങ്ങള്‍ ആവശ്യത്തിന് നടക്കുന്നില്ല എന്നതാണ് ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരെ ആശങ്കപ്പെടുത്തുന്നത്.

ഐസൊലേഷന്‍ ക്വാറന്‍ൈന്‍ ബെഡുകളുടെ കാര്യത്തിലും മറ്റ് ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും വലിയ ക്ഷാമം നേരിടുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 84,000 പേര്‍ക്ക് ഒരു ഐസോലേഷന്‍ ബെഡ് എന്ന നിലയിലാണ് ഇപ്പോഴുള്ളത്. 36,000 പേര്‍ക്ക് ഒരു ക്വാറന്റൈന്‍ ബെഡും. ഇത് ഹോസ്പിറ്റല്‍ ബെഡിന്റെ കാര്യത്തിലെത്തുമ്പോള്‍ 1,826 പേര്‍ക്ക് 1 എന്ന നിലയിലും. ഇതിനേക്കാള്‍ സൗകര്യങ്ങളുള്ള ഇറ്റലിയിലും സ്പെയ്നിലുമെല്ലാം ആയിരങ്ങളാണ് കൊവിഡ് മൂലം മരണപ്പെട്ടത് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് വരാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുകൂടി വ്യക്തമാകുന്നത്.

നിലവാരം കുറഞ്ഞ ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നതില്‍ മറ്റു വികസ്വര രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കൂടാതെ ആരോഗ്യസംവിധാനങ്ങളില്‍ നഗരപ്രദേശങ്ങളും ഗ്രാമങ്ങളുമായി വലിയ അന്തരമാണുള്ളത്.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ 6 ലക്ഷം ഡോക്ടര്‍മാരുടെയും 20 ലക്ഷം നഴ്സുമാരുടെയും കുറവുണ്ടെന്നാണ് പറയുന്നത്. ഇത്തരം കുറവുകള്‍ എല്ലാം ബാക്കി നില്‍ക്കുമ്പോള്‍ ലോക്‌ഡൌണ്‍ കൊണ്ടു മാത്രം കൊവിഡില്‍ നിന്നും പൂര്‍ണ്ണ രക്ഷ നോടാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് ഇ്‌പ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ടെഡ്രോസ് അഥനം അറിയിച്ചിരിക്കുന്നത്. ഒരു വിശാല രാജ്യമെന്ന നിലയ്ക്ക് ഒരു പകര്‍ച്ച വ്യാധിയെ തടയുന്നതിന് ചില നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന ടാസ്‌ക് ഫോഴ്സ് ഇന്ത്യക്ക് മുന്നില്‍ വെക്കുന്നുണ്ട്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അംഗം മൈക്ക് റിയാന്‍ പറയുന്നതിങ്ങനെയാണ്

‘ ഇന്ത്യ പോളിയോ വിമുക്തമായി. ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനം മൂലമായിരുന്നു അത്. സമാനമായി ചികിത്സയിലും നിരീക്ഷണത്തിലും കൃത്യമായി നടപടികള്‍ ജില്ലകള്‍ തോറും എടുക്കുകയാമെങ്കില്‍ ലോക്ഡൗണില്‍ നിന്നും പുറത്തേക്ക് വഴിയുണ്ട്,”
ലോക്ഡൗണുകള്‍ എടുത്ത് കളയുമ്പോള്‍ വീണ്ടും വൈറസ് വരുന്നതും പിന്നെയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായ ഒരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടാവരുതെന്നാണ് ഡബ്ലു.എച്ച്.ഒ ടെക്നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവ് ഇന്ത്യടുഡേ ടി.വിയോട് പറഞ്ഞത്. ഒപ്പം ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണത്തിനായി ഒരു ഏകീകൃത നടപടി ക്രമം തന്നെ വേണമില്ലെന്നും ഇദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്