രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കും; തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍
COVID-19
രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കും; തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 7:05 pm

ന്യൂദല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ തീരുമാനം. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം.

തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക.

രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല.

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക