| Saturday, 25th April 2020, 5:45 pm

കേരളത്തില്‍ നിബന്ധനകളോടെ ഇളവുകള്‍; തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണില്‍ നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കടകളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കടകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോര്‍പറേഷനുകളുടെയും മുന്‍സിപാലിറ്റി കളിലേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ പൊതുവായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്ര്ഖ്യാപിച്ച ചില ഇളവുകള്‍ സംസ്ഥാനത്തും  അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ 15ലെ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് മെയ് ഒന്നാം തിയ്യതി മുതല്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

അതേസമയം കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി

കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേര്‍ ചികിത്സയിലുണ്ട്.

കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more