കൊവിഡില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പം; ലോക്ഡൗണ്‍ നീട്ടി പശ്ചിമബംഗാളും മഹാരാഷ്ട്രയും
COVID-19
കൊവിഡില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പം; ലോക്ഡൗണ്‍ നീട്ടി പശ്ചിമബംഗാളും മഹാരാഷ്ട്രയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 5:41 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തടയുന്നതിനായി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് മഹാരാഷ്ട്രയും പശ്ചിമബംഗാളും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 30 വരെയാണ് ഇരു സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നീട്ടുന്നത്.

പശ്ചിമ ബംഗാളില്‍ ജൂണ്‍ പത്ത് വരെ സ്‌കൂളുകള്‍ തുറക്കില്ലെന്നും മമതാ ബാനര്‍ജി അറിയിച്ചു. സംസ്ഥാനത്ത് ആറ് പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരിനോട് പുതിയ പാക്കേജ് ആവശ്യപ്പെടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

മഹാരാഷ്ട്രയില്‍ 92 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. വീടുവീടാന്തരം കയറി പരിശോധന നടത്തുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര, ദല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ