| Wednesday, 25th March 2020, 7:59 am

ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിക്കും; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാലത്തില്‍ പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് വര്‍ധിച്ചതോടെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

‘ പറയുന്നത് അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാണുന്നയിടത്ത് വെടിവെക്കാനുള്ള നിര്‍ദേശം (ഷൂട്ട് അറ്റ് സൈറ്റ്) പൊലീസിന് നല്‍കേണ്ടിവരും. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴിയില്ല’, കെ.സി.ആര്‍ പറഞ്ഞു.

വേണമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നും വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ളവ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച തെലങ്കാനയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.

ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം ആശുപത്രി, നഴ്‌സിങ് ഹോം, പൊലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകള്‍ തുറക്കാം.

ബാങ്ക്, ഇന്‍ഷുറന്‍സ്, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. സംസ്‌കാര ചടങ്ങില്‍ 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more