| Sunday, 25th July 2021, 7:33 pm

രമ്യ ഹരിദാസും വി.ടി. ബല്‍റാമും അടക്കമുള്ള നേതാക്കള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍; ചോദ്യം ചെയ്ത യുവാവിനെതിരെ കയ്യേറ്റ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് എം.പി. രമ്യാ ഹരിദാസ് അടക്കമുള്ള നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന് ആരോപണം. മുന്‍ തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഹോട്ടലില്‍ കയറിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എം.പി. ചന്ദ്രാ നഗറിലെ ഹോട്ടലിലാണ് ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയത്. രമ്യ ഹരിദാസ് അടക്കം എട്ടോളം പേര്‍ ഹോട്ടലിലെത്തിയെന്നാണ് വിവരം.

എന്നാല്‍ ഇവരെ ഒരു യുവാവ് ചോദ്യം ചെയ്യുകയും മൊബൈല്‍ ക്യാമറയില്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതെന്നാണ് ആരോപണം.

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദനീയമല്ലെന്നും പിന്നെ നിങ്ങള്‍ക്ക് മാത്രം കഴിക്കാന്‍ അനുമതി കിട്ടുന്നതെങ്ങനെയാണെന്നും വീഡിയോ എടുത്ത യുവാവ് എം.പിയടക്കമുള്ള നേതാക്കളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സല്‍ വാങ്ങാന്‍ കയറുകയായിരുന്നുവെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

വീഡിയോ എടുത്തത് ആരാണെന്ന വിവരം വ്യക്തമല്ല. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്ന യുവാവിനെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലിനകത്ത് മറ്റു ചിലരും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lockdown violation by Ramya Haridas and VT Balram other congress leaders

We use cookies to give you the best possible experience. Learn more