Discourse
മഹാമാരിക്കാലത്ത് ആരോഗ്യസംവിധാനങ്ങള്‍ കൈവിട്ട സ്ത്രീകള്‍; ഗുരുഗ്രാം ചേരികളിലെ നാമറിയാത്ത ഭീകരതകള്‍
അങ്കിത മുഖോപാധ്യായ്‌
2020 Jul 16, 01:10 pm
Thursday, 16th July 2020, 6:40 pm

”ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള മിക്കവാറും ദിവസങ്ങളില്‍ എനിക്ക് തലവേദന അനുഭവപ്പെടാറുണ്ട്.’ ഗുരുഗ്രാമിലെ സിക്കന്ദര്‍പൂര്‍ ഗോസി ചേരിയില്‍ ജീവിക്കുന്ന മിക്ക സ്ത്രീകളും ലോക്ക് ഡൗണ്‍ കാലത്തെ അവരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ പറയുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നിരന്തരം അനുഭവപ്പെടുന്ന ഈ തലവേദന. ഈ സ്ത്രീകളെല്ലാം കുട്ടികള്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കാത്ത തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കുമൊപ്പം ഇടുങ്ങിയ ഒറ്റമുറി വീടുകളിലാണ് താമസിക്കുന്നത്.

നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളിലുണ്ടാകുന്ന ഈ തലവേദനയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് ഗുരുഗ്രാമിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ വി-മെഡിക്കയുടെ സഹ സ്ഥാപകനായ ഡോ. സഹീല്‍ സിങ് പറയുന്നത്.

”ഉദരസംബന്ധമായ പ്രശ്നങ്ങളും, മൂത്രം പിടിച്ചുവെക്കുന്നതും, ആര്‍ത്തവ സമയത്ത് ശുചിത്വം ഇല്ലാതിരിക്കുന്നതും, ശരീരത്തില്‍ അയണ്‍ കുറയുന്നതുമെല്ലാം സ്ത്രീകളിലെ തലവേദനയ്ക്ക് കാരണമാകാം. പയറു വര്‍ഗങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നത് കൊണ്ട് പല സ്ത്രീകള്‍ക്കും പോഷകാഹരക്കുറവും ഉണ്ട്. ചേരി പ്രദേശങ്ങളില്‍ ഒരു ടോയ്‌ലറ്റ് പത്തില്‍ കൂടുതല്‍ ആളുകളാണ് ഉപയോഗിക്കുന്നത്.


അവയെല്ലാം വൃത്തിഹീനമായ അവസ്ഥയിലുമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും സ്ത്രീകള്‍ മൂത്രം പിടിച്ചുവെക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഇത് മൂത്രാശയ സംബന്ധമായ അസുഖങ്ങളിലേക്കും, അണുബാധയിലേക്കും തലവേദനയിലേക്കും നയിക്കും.”ഡോക്ടര്‍ പറഞ്ഞു.

ബീഹാറില്‍ നിന്നുള്ള പ്രിയങ്ക എന്ന പത്തൊമ്പതുകാരി പറയുന്നത് ലോക്ക് ഡൗണ്‍ തുടങ്ങിയതിനുശേഷം താന്‍ നിരന്തരമായി ഉത്കണ്ഠയും മറ്റു മാനസികപ്രശ്‌നങ്ങളും നേരിടുന്നുണ്ട് എന്നാണ്. ഉദരസംബന്ധമായ അസുഖങ്ങളും തനിക്കുണ്ടെന്ന് പറഞ്ഞ അവരെ ഞാന്‍ സ്മൈല്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോയി.

ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളണ്ടാകുന്നതെന്നും ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും ഡോക്ടര്‍ അവരോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം തനിക്ക് വിശപ്പ് നഷ്ടപ്പെട്ടുവെന്നാണ് പ്രിയങ്ക പറയുന്നത്.

‘എനിക്ക് എല്ലായ്പ്പോഴും ഒരു വയസ്സുള്ള മകന്റെ കാര്യമോര്‍ത്ത് ആശങ്കയാണ്. ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തത് കൊണ്ട് കുടുംബത്തിലെ  മറ്റുള്ളവര്‍ക്കുവേണ്ടി മിക്ക സമയങ്ങളിലും  ഞാന്‍ ഭക്ഷണം ഒഴിവാക്കാറുണ്ട്.’ പ്രിയങ്ക പറഞ്ഞു.

ഗുരുഗ്രാമിലേക്ക് മാറിയതിന് ശേഷം ഒരു വയസുള്ള മകന് കൃത്യമായ ഇടവേളകളില്‍ വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം തദ്ദേശ ഭരണകൂടം വാക്സിന്‍ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 12-23 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഡിഫ്ത്തീരിയ, മീസില്‍സ്, പോളിയോ, ഹെപ്പറ്റൈറ്റിസ് വാക്സിനുകള്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്.

മറ്റെല്ലാവരും ഉപയോഗിക്കുന്നു എന്നത് കൊണ്ട് മാസ്‌ക് ഉപയോഗിക്കുന്നു എന്നതിനപ്പുറം കൊറോണ വൈറസ് ലക്ഷണങ്ങളെക്കുറിച്ചും പ്രിയങ്കയ്ക്ക് അറിവില്ല. പ്രിയങ്കയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ഇല്ല. ഇംഗ്ലീഷ് വായിക്കാനും അറിയില്ല. അതുകൊണ്ട് വിവരങ്ങള്‍ അറിയുന്നത് ഭര്‍ത്താവിനെ ആശ്രയിച്ചാണ്.

ഗുരുഗ്രാമിലെ ചേരി പ്രദേശങ്ങളിലെ സ്ത്രീകളുടെ ലോക്ക് ഡൗണ്‍ സമയത്തെ പ്രശ്നങ്ങളെക്കുറിച്ച് അറിയാന്‍ അവിടെ പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാരോടും സംസാരിച്ചു. ”എല്ലാ ദിവസവും കൊറോണ വൈറസിനെക്കുറിച്ച് ആളുകളെ പറഞ്ഞു മനസിലാക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താനും വീടുകളിലേക്ക് പോകാറുണ്ട്. ചേരികളില്‍ താമസിക്കുന്ന സ്ത്രീകളുടെ പട്ടികയും എന്റെ കൈയിലുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഗര്‍ഭിണിയായെന്ന് വിവരം പറയാന്‍ അറിയിക്കാനായിരുന്നു മിക്ക സ്ത്രീകളും വിളിച്ചിരുന്നത്. ഞാന്‍ മുഴുവന്‍ സമയവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരാള്‍ പോകുകയോ വരികയോ ചെയ്താല്‍ അത് കൃത്യമായി എനിക്ക് അറിയാനാകും’. അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും ഗുരുഗ്രാമിലെ അംഗന്‍വാടികള്‍ (ഹെല്‍ത്ത് കെയര്‍ സെന്റര്‍) അടച്ചു പൂട്ടിയിരിക്കുകയാണ്. ഗുരുഗ്രാമില്‍ പോയപ്പോഴെല്ലാം  ഹെല്‍ത്ത് സെന്ററിന്റെ ഗെയ്റ്റ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. അടുത്തുള്ള കടക്കാരനോട് ചോദിച്ചപ്പോള്‍ ആളുകള്‍ അവരുടെ സൗകര്യത്തിന് വരികയും പോകുകയും ചെയ്യും എന്നായിരുന്നു മറുപടി. അംഗന്‍വാടികളിലെത്താന്‍ സാധിക്കാത്ത സ്ത്രീകളെ പ്രദേശത്ത് തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കാറാണ് പതിവ് എന്നാണ് ആശ വര്‍ക്കര്‍ പറയുന്നത്.

മുഖ്യധാരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് മാധ്യമങ്ങളില്‍ പലപ്പോഴും സ്വീകാര്യത ലഭിക്കുന്നതെന്നും ആശവര്‍ക്കര്‍മാരെപ്പോലെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

‘ചേരികളിലുള്‍പ്പെടെ നിരവധി ആശ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി ഒരു മാസ്‌കോ ഗ്ലൗവ്സോ പോലും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. ഗ്ലൗസില്ലാതെ ആളുകളുടെ സാമ്പിളുകള്‍ പോലും തങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആശുപത്രികളില്‍ പി.പി.ഇ കിറ്റടക്കം എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയുമാണ് ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം മുഖം ദുപ്പട്ട കൊണ്ട് മറച്ചാണ് ഞങ്ങളെപ്പോലെയുള്ളവര്‍ എല്ലായിടത്തുമെത്തുന്നത്. എന്റെ ജീവന് ഒരു വിലയുമില്ലേ?’ ഇത് ചോദിക്കുമ്പോള്‍ അവരുടെ ശബ്ദത്തില്‍ രോഷം പ്രകടമായിരുന്നു.

ഗുരുഗ്രാമില്‍ നിന്നുള്ള ചില കാഴ്ച്ചകള്‍

അംഗന്‍വാടി സെന്ററിന് സമീപത്ത് ഒരു സ്വകാര്യ ആശുപത്രിയും ഗുരുഗ്രാമിലുണ്ട്. ഉച്ചകഴിഞ്ഞ് അവിടെ അധികം രോഗികളൊന്നും ഉണ്ടാകാറില്ല. ഒരു പ്രസവത്തിന് ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇവിടെ ചെലവ്. ഇപ്പോള്‍ ഈ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഏഴ് പേരെ മാത്രമാണ് ചികിത്സിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ കണ്‍സള്‍ട്ടേഷന്‍ പ്രധാനമായും ഫോണിലൂടെയാണ് നടത്തുന്നത്.

കുട്ടികള്‍ക്കായുള്ള വാക്സിനേഷന്റെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അംഗന്‍വാടിയിലേക്ക് പോകാനാണ് അവരും നിര്‍ദേശിച്ചത്. അധികൃതരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന്  അംഗന്‍വാടി്    താത്ക്കാലികമായി അടച്ചിരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.

ഭക്ഷണം വിതരണം ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട ഗുരുഗ്രാമിലെ കമ്മ്യൂണിറ്റി സെന്ററാകട്ടെ ഏപ്രില്‍ മാസം മുതല്‍ അടഞ്ഞു കിടക്കുകയാണ്. ഇവിടങ്ങളില്‍ പല സ്ത്രീകള്‍ക്കും പോഷകാഹരക്കുറവ് ഉണ്ടെന്നിരിക്കെയാണ് ലോക്ക് ഡൗണില്‍ ഇങ്ങനെ സംഭവിക്കുന്നത്. പലരും വിശപ്പ് സഹിക്കുകയാണ് എന്ന പരാതി പറഞ്ഞിരുന്നു.

ഗുരുഗ്രാമിലെ പുട്ടിക്കിടക്കുന്ന കമ്മ്യൂണിറ്റി സെന്റര്‍

പൊലീസ് ഉദ്യോഗസ്ഥരോടും ഉയര്‍ന്ന സാമ്പത്തികസ്ഥിതിയിലുള്ള ആളുകളോടും സഹായം തേടാന്‍ വീട്ടിലെ പുരുഷന്മാര്‍ തയ്യാറാകാതെ വന്നതോട് കൂടി സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങിയാണ് ലോക്ക്ഡൗണ്‍ സമയത്ത് അവരവരുടെ വീടുകളില്‍ ഭക്ഷണമെത്തിച്ചത് .

ഗുരുഗ്രാമിലെ ചേരിയില്‍ ജീവിക്കുന്ന സ്ത്രീകളില്‍ പലരും സമീപ പ്രദേശങ്ങളില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നവരാണ്. ഇപ്പോള്‍ പണിയില്ലാത്തത് കൊണ്ട് ഇവര്‍ക്ക് ശമ്പളവുമില്ല. റിത ദേവിയെന്ന യുവതിക്ക് ജോലി ശരിയാക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചിരുന്നു.

ജോലി ശരിയായെങ്കിലും വളരെ തുച്ഛമായ ശമ്പളമാണ് അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. റോഡ് വൃത്തിയാക്കലായിരുന്നു അവര്‍ക്കനുവദിച്ച ജോലി. കുറഞ്ഞ ശമ്പളത്തിന് റോഡ് വൃത്തിയാക്കാന്‍ പോകുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുകയാണ് എന്ന് പറഞ്ഞ് അവര്‍ ജോലി നിഷേധക്കുകയും  ചെയ്തു.

ആരോഗ്യ സംവിധാനങ്ങള്‍ സ്ത്രീകളെ കൈവിട്ടു

മഹാമാരിക്കാലത്ത് ഇന്ത്യയിലെ ആരോ​ഗ്യ സംവിധാനം കൊവിഡ് രോ​ഗികളേ ചികിത്സിക്കണോ അതോ മറ്റ് രോ​ഗികളെ ചികിത്സിക്കണോ എന്നതിൽ വലിയൊരു തെരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതമായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് അധിക ഡ്യൂട്ടി കൂടി എടുക്കേണ്ടി വന്നതിനാല്‍ അംഗന്‍വാടികള്‍ പലതും അടച്ചു. ഇത് സ്ത്രീകളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. ചേരികളിലുള്‍പ്പെടെ താമസിക്കുന്ന അതിഥി തൊഴിലാളികളായ സ്ത്രീകള്‍ക്ക് മുന്നില്‍ വേദന സഹിക്കുക എന്നതല്ലാതെ മറ്റ് വഴികള്‍ ഇല്ലാതായി.

ആര്‍ത്തവ സമയത്ത് കഠിനമായ വേദനയെയും അധിക രക്തസ്രാവത്തെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ പലരെയും വേദനസംഹാരികള്‍ മാത്രം നല്‍കി തിരികെ അയക്കേണ്ട അവസ്ഥ പോലുമുണ്ടായി. കൊവിഡ് 19 സ്പെഷ്യല്‍ ഹോസ്പിറ്റലുകളായി മാത്രം പല ആശുപത്രികളെയും മാറ്റിയതോടെ രോഗികളെക്കുറിച്ചുള്ള തുടരന്വേഷണങ്ങള്‍ പ്രയാസമേറിയതായി മാറിയെന്ന് ബീഹാറിലെ ബഗല്‍പൂരിലെ ആശുപത്രിയിലെ ഡോക്ടറായ സൗരഭ് പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് കൊവിഡ് പകരുമെന്ന ഭയം മൂലം പലരും ആശുപത്രി സന്ദര്‍ശിക്കാന്‍ മടിച്ചുവെന്നാണ് ഡോ.ജ്യോതി ദബ്ബാസ് പറയുന്നത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം മൂലം സ്ത്രീകള്‍ മരിച്ച കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീകളില്‍ അയണ്‍ കുറവുള്ളത് കൊണ്ടുതന്നെ പ്രസവത്തിന് മുന്‍പ് അവരെ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നുതന്നെ പ്രസവിക്കുന്ന രീതി ഇവിടെ നേരത്തെയും ഉണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കൂടി വന്നതോടെ ഈ പ്രവണത കൂടുന്നതായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് ഗര്‍ഭച്ഛിദ്രത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാതായതോടെ പല സ്ത്രീകളും നേരിട്ട് മെഡിക്കല്‍ ഷോപ്പുകളില്‍ ചെന്ന് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് വാങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ആറാം മാസത്തിലും ഏഴാം മാസത്തിലുമെല്ലാം ഇത്തരത്തില്‍ ചെയ്ത പലര്‍ക്കും മരണം വരെ സംഭവിച്ചുവെന്നാണ് ഡോക്ടര്‍ സഹില്‍ സിങ് പറയുന്നത്.

ഗാര്‍ഹിക പീഡനം

ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളെ നോക്കുന്നതിന്റെയും വീട്ടുജോലികള്‍ ചെയ്യുന്നതിന്റെയും ബാധ്യതകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു.ഇപ്പോൾ അവരുടെ ഭർത്താക്കൻമാർ കൂടി വീട്ടിലാണ് എന്നതിനപ്പുറത്തേക്ക് കൂടുതലൊന്നും മാറിയിട്ടില്ല. ഇത് ഗാര്‍ഹിക പീഡനം കൂടുന്നതിന് ഇടയാക്കി. സിക്കന്ദര്‍പൂര്‍ ചേരിയില്‍ നിന്നുള്ള ജയന്തി ദേവി അല്‍പ്പം വിമുഖതയോടെയാണെങ്കിലും ലോക്ക് ഡൗണില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ പറയുന്നുണ്ട്. മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് നിരന്തരം തനിക്കും മക്കള്‍ക്കും പീഡനമേല്‍ക്കേണ്ടി വന്നുവെന്നാണ് അവര്‍ പറയുന്നത്. ‘ഈ ലോക്ക് ഡൗണ്‍ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ഭര്‍ത്താവിനെ പേടിച്ചും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആകുലയുമാണ് ഞാന്‍ ഓരോ നിമിഷവും തള്ളി നീക്കുന്നത്.’ അവര്‍ പറയുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് ഗാര്‍ഹിക പീഡനം വര്‍ധിച്ചതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ‘മദ്യം ലഭിക്കാതിരുന്നതോടു കൂടി പലര്‍ക്കും ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടായിട്ടുണ്ട്. ജോലിയില്ലാത്തതും തുടരുന്ന അനിശ്ചിതത്വവും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുകയും ഇത് അക്രമസംഭവങ്ങള്‍ കൂടുന്നതിന് ഇടയാക്കുകയും ചെയ്തു. ഇതെല്ലാം നമ്മുടെ ധാരണകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ പഠനങ്ങള്‍ ആവശ്യമാണ്’ ഒബ്സേര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഹെല്‍ത്ത് സംരഭത്തിലെ മുതിര്‍ന്ന ഗവേഷകനായ ഉമ്മന്‍ സി കുര്യന്‍ പറഞ്ഞു.

ചേരി പ്രദേശങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനം മൂലം കടുത്ത മാനസിക  പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇവര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടി വരികയാണെന്നും ശക്തി ശാലിനി എന്ന എന്‍.ജി.ഒയിലെ കൗണ്‍സിലറായ മോണിക്ക തിവാരി പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ പറഞ്ഞ്  തങ്ങളെ വിളിക്കുന്നവരുടെ എണ്ണത്തില്‍ ലോക്ക് ഡൗണ്‍ സമയത്ത് വലിയ വര്‍ധനയാണ് ഉണ്ടായത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളിയായ ബബിത ദേവിയെന്ന യുവതിക്ക് തലവേദനയ്ക്ക് മരുന്ന് വാങ്ങാന്‍ എനിക്ക് പല ഇടങ്ങളിലുംഅലയേണ്ടി വന്നു. ആദ്യം ചെന്ന സ്ഥലത്തെ ഡോക്ടര്‍ പറഞ്ഞത് പ്രാരംഭ രോഗ ലക്ഷണങ്ങളുള്ളവരെ മാത്രമേ താന്‍ ചികിത്സിക്കൂവെന്നാണ്. കൂടുതലൊന്നും പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല. ചേരിയിലെ തന്നെ മറ്റൊരു ക്ലിനിക്കിലേക്ക് പോയെങ്കിലും ക്ലിനിക്കിന്റെ ഒരു മൂലയില്‍ കിടന്നുറങ്ങുന്ന ഒരാളെയല്ലാതെ മറ്റാരെയും അവിടെ കാണാന്‍ കഴിഞ്ഞില്ല. അയാളെ വിളിച്ചുണര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെ ഡോക്ടര്‍ വീട്ടിലേക്ക് പോയെന്ന് പറഞ്ഞു. നിങ്ങള്‍ മറ്റ് വഴികളെന്തെങ്കിലും നോക്കേണ്ടിവരും, ഇവിടെയുള്ള ഡോക്ടര്‍മാരൊന്നും അത്ര മഹാന്മാരൊന്നുമല്ലെന്ന് പറഞ്ഞ് അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് പോയി.

 മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ഫെമിനിസം ഇന്‍ ഇന്ത്യയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്കിത മുഖോപാധ്യായ്‌
മാധ്യമ പ്രവര്‍ത്തക, ജെന്‍ഡര്‍, ബിസിനസ്, പൊളിറ്റിക്ക്‌സ് എന്നീ മേഖലകളില്‍ താത്പര്യം.