| Thursday, 23rd April 2020, 6:57 pm

എറണാകുളത്ത് വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍; പൊതുഗതാഗതമില്ല, വിശദീകരിച്ച് ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓറഞ്ച് എ മേഖലയിലുള്ള എറണാകുളം ജില്ലയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ വെള്ളിയാഴ്ച മുതല്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് പ്രധാന ഇളവുകള്‍. മത്സ്യബന്ധനം, പ്ലാന്റേഷന്‍, സാമ്പത്തികം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇളവുകളുണ്ട്.

പൊതുഗതാഗതം സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും പ്രവര്‍ത്തിക്കില്ല. ആരാധന ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ലെന്നും കളക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടുമണി വരെ തന്നെയായി തുടരും. വസ്ത്ര വ്യവസായത്തിനും ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. കൊറിയര്‍ സര്‍വീസുകളുമുണ്ടാകും.

അക്ഷയകേന്ദ്രങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളും പുറത്തിറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം.

എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല. നാലു ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more