മുംബൈ: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രതികരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപെ.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഏപ്രില്‍ 14ന് ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചകളെപ്പറ്റിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ടാസ്‌ക് ഫോഴ്‌സ് നിര്‍ദ്ദേശിച്ചത്’, മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന അവസരത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് വാക്‌സിന്‍ ദൗര്‍ലഭ്യവും രോഗ വ്യാപനം തടയുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട്.
മുംബൈ, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുംബൈ നഗരത്തിലെ വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കൊവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
14 ലക്ഷം കൊവിഡ് വാക്‌സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പിന്നാലെ ആന്ധ്രാപ്രദേശും വാക്സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്.
അതേസമയം വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു. കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക