ന്യൂദല്‍ഹി: രാജ്യത്ത് മെയ് 17ന് ശേഷവും ലോക്ഡൗണ്‍ നീട്ടിയേക്കും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് പിന്നാലെയാണ് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17ന് ശേഷവും ലോക്ഡൗണ്‍ നീട്ടുമെങ്കിലും പ്രശ്‌നബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റെഡ് സോണുകളായി പ്രഖാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴ് മണിമുതല്‍ രാവിലെ ഏഴ് മണിവരെ കര്‍ഫ്യൂ, പൊതുഗതാഗത നിയന്ത്രണം എന്നിവ മെയ് 17ന് ശേഷവും തുടരും. ലോക്ഡൗണ്‍ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മെയ് 15ന് ഉള്ളില്‍ കേന്ദ്രത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന. സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.
ലോക്ഡൗണ്‍ നീട്ടാന്‍ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രോഗവ്യാപനം ഏറ്റവുമധികമുള്ള പ്രദേശങ്ങളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുമെന്നാണ് സൂചന. ജില്ല മുഴുവന്‍ റെഡ് സോണായി പ്രഖ്യാപിക്കുന്നത് മാറ്റണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ബീഹാര്‍, അസം, പശ്ചിമബംഗാള്‍, ദല്‍ഹി എന്നീ ഏഴ് സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. തീവണ്ടി സര്‍വ്വീസുകളും വിമാന സര്‍വ്വീലുകളും അനുവദിക്കരുതെന്നും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായി ആറുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തിയത്. മെയ് 17ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക