കൊല്‍ക്കത്ത: കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും ശക്തമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഒരിടവേളക്ക് ശേഷം ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ബംഗാളില്‍ ഏര്‍പ്പെടുത്തുന്നത്.
നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സിനിമാശാലകള്‍ അടച്ചുപൂട്ടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.
കൊല്‍ക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിൽ കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതിനാലാണ് ബംഗാള്‍ നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്.
ഒമിക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ 20 ഒമിക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്.
അതേസമയം, രാജ്യത്താകമാനം കൊവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്ന് 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര, ദല്‍ഹി, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനം മൂലം ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധനയാണ് പ്രതിദിന രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്.
രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോണ്‍ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
1525 പേര്‍ക്ക് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗവ്യാപനത്തില്‍ മുന്നിലുള്ള മഹാരാഷ്ട്രയില്‍ 460 പേര്‍ ഒമിക്രോണ്‍ ബാധിതരായി. ദില്ലിയില്‍ 351ഉം, കേരളത്തില്‍ 109ഉം പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചു എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ്. ആഗോള തലത്തിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ വര്‍ധനവിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Lockdown-like curbs in West Bengal as COVID-19 cases rise – What’s open, what’s closed