കൊല്‍ക്കത്ത: കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും ശക്തമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഒരിടവേളക്ക് ശേഷം ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ബംഗാളില്‍ ഏര്‍പ്പെടുത്തുന്നത്.
നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സിനിമാശാലകള്‍ അടച്ചുപൂട്ടും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.
കൊല്‍ക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിൽ കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതിനാലാണ് ബംഗാള്‍ നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്.
ഒമിക്രോണ്‍ കേസുകളുടെ വ്യാപനവും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ 20 ഒമിക്രോണ്‍ കേസുകളാണ് ബംഗാളിലുള്ളത്.
അതേസമയം, രാജ്യത്താകമാനം കൊവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്ന് 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.