തിരുവനന്തപുരം:ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമായിരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. ഇത് കേരളത്തിൽ എങ്ങിനെ പ്രായോഗികമായി നടപ്പിലാക്കണമെന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ ഇന്ന് തന്നെ നിർദേശങ്ങൾ നൽകും. എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് ജാഗ്രതയോടെ ലോക്ക് ഡൗണിലെ ഇളവുകൾ എങ്ങിനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് അടിയന്തിരമായി തീരുമാനമെടുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേന്ദ്രത്തിന്റെ നിർദേശം എങ്ങിനെ സംസ്ഥാനത്ത് നടപ്പിലാക്കാം എന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം കൂടി കണക്കിലെടുത്തായിരിക്കണം കച്ചവടക്കാർ പ്രവർത്തിക്കേണ്ടത് എന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ തലത്തിൽ ഇന്ന് തന്നെ കേന്ദ്ര ഉത്തരവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ ഉണ്ടാകുമെന്നും ചെറുകിട കച്ചവടക്കാർക്കുള്ള നിർദേശങ്ങൾ ഇന്ന് തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾ പ്രവർത്തിക്കാവൂ. ഒരു അപകടം നമുക്ക് മുന്നിലുണ്ട് എന്നുള്ള ജാഗ്രത എല്ലാവർക്കും ഉണ്ടാകണം. മന്ത്രി പറഞ്ഞു.
നേരത്തെ തന്നെ ലോക്ക് ഡൗണിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ ഉത്തരവാണ് കേന്ദ്രത്തിന്റേത്. നഗര പരിധിയ്ക്ക് പുറത്തുള്ള ചെറിയ കടകൾ ഇന്നുമുതൽ തുറക്കാം എന്നാണ് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. അതേസമയം ഷോപ്പിങ്ങ് മാളുകൾ ഹോട്ട് സ്പോട്ട് മേഖലകളിലെ കടകൾ എന്നിവയ്ക്ക് ഇളവുകൾ ബാധകമല്ല. നഗരപരിധിയ്ക്ക് പുറത്ത് തുറക്കുന്ന കടകൾ പകുതി ജീവനക്കാരെ വച്ചു മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശമുണ്ട്.
കേന്ദ്ര ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കമ്പോളങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. നഗരപ്രദേശങ്ങളിൽ ഷോപ്പിങ്ങ് മാളുകളും കമ്പോളങ്ങളും തുറക്കരുത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം കർശനമായി പാലിച്ചു മാത്രമേ കടകൾ തുറക്കാവൂ എന്നും കേന്ദ്ര ഉത്തരവ് വ്യക്തമാക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.