ലോക്ഡൗണ്‍ കാലത്ത് നമ്മുടെ കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും അവയെ നേരിടേണ്ട രീതികളെക്കുറിച്ചും വിശദീകരിക്കുകയാണ് ലേഖിക
ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ലോകത്തെ ഒട്ടാകെ ബാധിച്ച കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ലോക്ക്ഡൗണ്‍ കാലം മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളേയും സാരമായി ബാധിച്ചിട്ടുണ്ട് എന്നുള്ളത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അത് എത്രത്തോളം ഗൗരവമുള്ളതും കുഞ്ഞുങ്ങളില്‍ എത്രത്തോളം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയുമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അത്ര ധാരണ ഉണ്ട് എന്ന് തോന്നുന്നില്ല.
കോവിഡ് പോലെയുള്ള ഒരു പാന്‍ഡെമിക് രോഗാവസ്ഥ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ പൊതുവേ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗ സമ്പര്‍ക്കം ഒഴിവാക്കാനായി പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞ അവരെ ലോക്ക്ഡൗണ്‍ കാലത്ത് സെന്ററുകളിലേയ്ക്ക് കൊണ്ട് വരുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ അവര്‍ക്ക് കഴിയുന്നത്ര ഓണ്‍ലൈന്‍ തെറാപ്പി പരിശീലനവും മാതാപിതാക്കളെ ഉള്‍പ്പെടുത്തി വീട്ടിലെ പരിശീലനവും ആണ് ഉറപ്പ് വരുത്തിയിരുന്നത്.
അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ തീവ്ര അവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് പ്രത്യേക പരിഗണയോടെ പുനരധിവാസ ചികിത്സാ തെറാപ്പികള്‍ ആരംഭിച്ചത്. ലോക്ക്ഡൗണിനു ശേഷം ഭിന്നശേഷി അവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ വളരെ പതുക്കെയാണ് സെന്ററുകളില്‍ തിരിച്ചെത്തിയത്.
എന്നാല്‍ ഭയപ്പെടുത്തുന്ന ഒരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത് കോവിഡ് കാലത്ത് ജനിച്ചവരും രണ്ട് വയസ്സിനും നാല് വയസ്സിനിടയ്ക്കുള്ളവരുമായ നിരവധി സാധാരണ കുഞ്ഞുങ്ങള്‍ അവരുടെ വളര്‍ച്ചാ നാഴികക്കല്ലുകള്‍ക്കുണ്ടായ അകാരണ കാലതാമസവുമായി സെന്ററുകളിലേക്കെത്തുന്നതാണ്.
രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള പല കുട്ടികളിലും സംസാരശേഷി കുറഞ്ഞു പോവുകയും കുട്ടികള്‍ മുഖത്തോടു നോക്കാതിരിക്കുകയും. സ്വന്തം പേരു കേള്‍ക്കുമ്പോള്‍ പ്രതികരണ ശേഷി കുറഞ്ഞു വരുന്നതായും. ഒരേ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോള്‍ പോലും തമ്മില്‍ കളിക്കാതെ സ്വന്തം ലോകത്തേക്ക് മാത്രം ഒതുങ്ങി കൂടുന്നതായും മാതാപിതാക്കള്‍ പരാതിയുമായി സമീപിച്ചിരുന്നു. ഈ പറയുന്ന പല ലക്ഷണങ്ങളും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്സിന്റെ ലക്ഷണങ്ങളുമായി ഒരുപാട് സാമ്യം ഉള്ളവയാണ്. ഇത് നേരത്തെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അതു കുട്ടികളെ ഓട്ടിസം പോലുള്ള ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സിലേക്ക് എത്തിച്ചേക്കാം.
പലര്‍ക്കും കോവിഡാനന്തര ലോക്ക്ഡൗണ്‍ കാലത്ത് അവരുടെ വളര്‍ച്ചയ്ക്കനുസരിച്ചുള്ള സംസാരശേഷിയും, സാമൂഹിക ഇടപെടല്‍ ശേഷിയും ഒക്കെയും സാരമായി കുറയുന്നത് കൊണ്ട് നിരവധി പെരുമാറ്റ വൈകല്യങ്ങള്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി, അമിത വികൃതി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ചിലപ്പോള്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍ പോലെയുള്ള അവസ്ഥകളിലേയ്‌ക്കോ കുട്ടികളിലെ മാനസിക വെല്ലുവിളികളിലേയ്‌ക്കോ കുട്ടിയെ കൊണ്ട് ചെന്നെത്തിച്ചേക്കാം.
ഇത്തരം ഹൈപ്പര്‍ ആക്റ്റിവിറ്റി പ്രശ്‌നങ്ങളും, ശ്രദ്ധക്കുറവും കുട്ടികളുടെ പഠനത്തോടുള്ള താല്‍പ്പര്യം കുറയ്ക്കുകയും അത് കുട്ടിയുടെ എഴുത്ത്, വായന, ഗണിതശേഷി എന്നിവയെ സാരമായി ബാധിക്കുകയും കുട്ടിയെ ലേണിംഗ് ഡിസബിലിറ്റി പോലെയുള്ള വെല്ലുവിളികളിലേയ്ക്ക് നയിക്കുകയും ചെയ്യാം.
മാതാപിതാക്കള്‍ ചൂണ്ടിക്കാണിച്ച പല പ്രശ്‌നങ്ങളും സെന്ററിലെ മള്‍ട്ടി ഡിസിപ്ലിനറി പ്രൊഫഷനലുകള്‍ കൃത്യമായി പരിശോധിക്കുകയും അവരുടെ വ്യത്യസ്ത സ്റ്റാന്‍ഡേര്‍ഡ് ടൂളുകള്‍ ഉപയോഗിച്ചുള്ള അസെസ്സ്മെന്റ്‌റുകള്‍ അത് ശരി വെക്കുകയും ചെയ്തതോടെയാണ് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് ഞങ്ങളുടെ ശ്രദ്ധതിരിയുന്നത്.
അടിച്ചിട്ട മുറികളിലെ കുഞ്ഞുങ്ങളുടെ ജീവിതം ഉണ്ടാക്കുന്ന സാമൂഹികമായ ഒറ്റപ്പെടലുകളും അവര്‍ക്ക് നിഷേധിക്കപ്പെടുന്ന തുറസ്സായ ജീവിതത്തിന്റെ, കളികളുടെ, വിനോദത്തിന്റെ അഭാവവും കുഞ്ഞുങ്ങളില്‍ സാരമായി മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ പലവിധത്തിലുള്ള പെരുമാറ്റ പ്രശ്‌നങ്ങളായി പുറം ലോകത്തോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.
എന്നാല്‍ അടങ്ങിയിരിക്കാത്ത, കുസ്യതി കാണിക്കുന്ന കുഞ്ഞിനെ അടക്കിയിരുത്താനും അനുനയിപ്പിക്കാനും തിരക്കുള്ള മാതാപിതാക്കള്‍ പലരും കണ്ടെത്തുന്ന ഏക പ്രതിവിധി കുഞ്ഞിന് ഒരു മൊബൈലോ, ഇലക്ട്രോണിക് ഗാഡ്ജറ്റോ, ടെലിവിഷനോ കാണാന്‍ നല്‍കുക എന്ന അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നത്.
മൂന്ന് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍
ആദ്യ മൂന്നു വര്‍ഷങ്ങളിലെ അനുഭവമാണ് കുട്ടിയുടെ എല്ലാത്തരം വികാസങ്ങളിലും സ്വാധീനം ചെലുത്തുക (കീഡെവല്‌മെന്റല്‍ പിരീഡ്) എന്ന് നമുക്കറിയാം. മസ്തിഷ്‌കം വളര്‍ച്ച പ്രാപിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വളര്‍ച്ചാകാലഘട്ടമാണിത്. കുഞ്ഞിന്റെ വൈകാരിക വികാസത്തില്‍ കുടുംബാന്തരീക്ഷത്തിനും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് മാത്രമല്ല ഇത് കുഞ്ഞിന്റെ സാമൂഹികപരമായ ബന്ധത്തിലും സ്വാധീനം ചെലുത്തുന്നു. കുഞ്ഞ് വീട്ടില്‍ നിന്നും പഠിക്കുന്ന സംഭാഷണ രീതിയും പെരുമാറ്റവും ആയിരിക്കും സമൂഹത്തില്‍ കാഴ്ച വയ്ക്കുക.
കുഞ്ഞിനെ മുട്ടുകുത്തി നീന്താനും നടക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് തലച്ചോറിലെ പ്രത്യേക ഭാഗമാണ്. ഈ ഭാഗത്തിന് ഉത്തേജനം കിട്ടിയാലേ കുഞ്ഞ് ഇതെല്ലാം ചെയ്യൂ. പിച്ച വയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ത്തന്നെ മൊബൈല്‍ ഫോണോ ടാബ്‌ലറ്റോ കൈയില്‍ കിട്ടിയാല്‍ കുഞ്ഞ് ആ ലോകത്തിലേക്ക് ഒതുങ്ങി പോകും. സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൂടെ കൈവരിക്കേണ്ട ഉത്തേജനം തലച്ചോറിനു നഷ്ടമാകുകയും ചെയ്യും. ഗെയിമില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍ക്ക് ഓടി നടക്കാനോ മറ്റുള്ളവരോട് ഇടപഴകാനോ ഒന്നും താല്‍പര്യം കാണില്ല.
ശാരീരികവും മാനസികവുമായ വികസനങ്ങളെല്ലാം ഉണ്ടാകുന്നത് മൂന്ന് വയസ്സില്‍ താഴെയുള്ള കാലത്താണ്. ഈ പ്രായത്തില്‍ നല്ലപോലെ കളിക്കണം. അടക്കിയിരുത്താന്‍ ഒരു മൊബൈലോ ടാബ്ലറ്റോ കൊടുക്കുമ്പോള്‍ കുട്ടിക്ക് കളിക്കാനുള്ള അവസരം നഷ്ടമാകും. ഗാഡ്ജറ്റ്‌സിന്റെ ഉപയോഗം കുഞ്ഞുങ്ങള്‍ നടക്കാന്‍ വൈകുന്നതിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസം അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ താമസിക്കുമ്പോള്‍ അദ്ഭുതകരമായ മാറ്റമുണ്ടാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ എല്ലാവരുമായി സഹകരിച്ചേ കളിക്കാനാകൂ. മൊബൈലിനോടു കളിക്കുമ്പോള്‍ സഹകരിക്കാനുള്ള മനസ്സ് കാണിക്കേണ്ടി വരുന്നില്ല. വേണമെന്നു തോന്നുമ്പോള്‍ കളി മതിയാക്കുകയോ പുതിയ കളി തുടങ്ങുകയോ ചെയ്യാം. തിരിച്ച് പ്രതികരണവുമുണ്ടാകില്ല. ശരിയായ ആശയവിനിമയ ശേഷി രൂപപ്പെടുന്നതിനു ഇത് തടസ്സമാകുകയും ചെയ്യും.
അതിഥികള്‍ വരുമ്പോള്‍ ഗെയിം മതിയാക്കി അവരോടൊപ്പം സംസാരിക്കുക എന്നതു പോലുള്ള മര്യാദകളും ഇങ്ങനെ ഇടപെടലുകളിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ അപരിചിതനായ ഒരാളെ അഭിമുഖീകരിക്കാന്‍ പോലും കുട്ടികള്‍ പ്രയാസപ്പെടും. ക്രൂരതയും അക്രമവും വളര്‍ത്തുന്ന ഗെയിമുകള്‍ കളിക്കുന്ന കുട്ടികളില്‍ നെഗറ്റീവ് ആറ്റിറ്റിയൂഡും വാസനകളും ഏറിയിരിക്കും.
നാല് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍
നാല് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ ഇതിനും ഗുരുതരമായ തലത്തിലേക്കാണ് നീങ്ങുന്നത്, ഓണ്‍ലൈന്‍ ക്‌ളാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കിയ മൊബൈലും, ടാബും, ലാപ്പ്‌ടോപ്പും ക്ലാസ്സുകള്‍ക്കിടയിലും ക്ലാസ്സുകള്‍ക്ക് ശേഷവും കുട്ടികള്‍ ഗെയിം കളിക്കാനും കാര്‍ട്ടൂണ്‍ കാണാനും ഉപയോഗിക്കുന്നത് മൂലം കുട്ടിയുടെ ഓണ്‍ലൈന്‍ സ്‌ക്രീന്‍ ടൈം കൂട്ടുകയും അത് കുട്ടിയുടെ മസ്തിഷകത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
മണിക്കൂറുകളോളം ഗെയിം കളിക്കുന്ന, കാര്‍ട്ടൂണ്‍ കാണുന്ന കുട്ടികളില്‍ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്‌ക്രീന്‍ അഡിക്ഷന്‍ സ്വാധീനിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഒരു നായ ഓടിച്ചാല്‍ അതില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ തന്നെ പല ഗെയിമുകള്‍ കളിക്കുമ്പോഴും അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അഡ്രിനാലിന്‍ എഫക്ട് അധികനേരം നീണ്ടു നില്‍ക്കാറില്ല. അല്‍പനേരത്തെ മരണപ്പാച്ചിലിനു ശേഷം മനസ്സും ശരീരവും ശാന്തമാകും.
എന്നാല്‍, ഈ അഡ്രിനാലിന്‍ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ഗെയിമുകള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അഡ്രിനാലിന്‍ ഉല്‍പാദനം നീണ്ടു നില്‍ക്കുന്നതോടൊപ്പം തലച്ചോറില്‍ വലിയ അളവില്‍ ഡോപമൈന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഈ അഡ്രിനാലിന്‍-ഡോപമൈന്‍ ഇഫക്ട് ആണ് അഡിക്ഷന്‍ ശക്തമാക്കുന്നത്. ഗെയിം കളിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കാത്തതായതുകൊണ്ട് കുട്ടികള്‍ ഗെയിമുകളുടെ, സ്‌ക്രീനുകളുടെ ലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും
മസ്തിഷ്‌കം പൂര്‍ണമായി വികാസം പ്രാപിക്കാത്ത പ്രായത്തില്‍ അമിതമായ സ്‌കീന്‍ ഉപയോഗം മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുര്‍ബലമാക്കുകയും ചെയ്യും എന്നുള്ളതാണ് പഠനം.
മാതാപിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും
അച്ഛനോ അമ്മയോ കൂടെയുള്ളപ്പോള്‍ മാത്രം ടിവിയോ മൊബൈലോ ഉപയോഗിക്കാനുള്ള അവസരം കുഞ്ഞിനു നല്‍കുന്ന ശീലം ചെറുപ്പം മുതലേ വളര്‍ത്താം. അപ്പോള്‍ അവര്‍ക്കിഷ്ടമുള്ളതു മാത്രം കാണണം എന്നു വാശി കാണിക്കില്ല.
ചേരാത്ത കാര്യങ്ങളാണ് കാണുന്നതെങ്കില്‍ മുതിര്‍ന്നവര്‍ ഇതു മാറ്റൂ മോനേ എന്നു തിരുത്താന്‍ പറ്റും. അപ്പോള്‍ എന്തു കാണണം, എന്തു കാണരുത് എന്ന് തിരഞ്ഞെടുക്കാനും അവര്‍ക്ക് തിരിച്ചറിവു കിട്ടും. ഇത് കുട്ടിക്കാലത്തേ ശീലിക്കണം. കാര്‍ട്ടൂണോ പാട്ടോ കണ്ടു കഴിഞ്ഞ് എന്താണു കണ്ടത്, അതില്‍ നിന്ന് എന്തു മനസ്സിലായി എന്നൊക്കെ ചോദിക്കാം.
പണ്ടു കാലത്ത് മൊബൈലോ ടിവിയോ അല്ല കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തിരുന്നത്. കഥകള്‍ അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ കേള്‍ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. കഥ പറയുമ്പോള്‍ കുഞ്ഞ് ഇടയ്ക്കിടയ്ക്ക് സംശയങ്ങള്‍ ചോദിക്കും. കഥയ്ക്ക് പുറമെയുള്ള മറ്റു കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കഥയോടു ബന്ധപ്പെടുത്തി പറയാം. കേട്ടിരിക്കാനുള്ള ക്ഷമ വളര്‍ത്താനും നല്ലതാണ്. കഥയിലൂടെ കിട്ടുന്ന ഗുണപാഠം അവരെ മറ്റു മാധ്യമങ്ങളേക്കാളേറെ സ്വാധീനിക്കുകയും ചെയ്യും. അച്ഛന്റെ ശ്രദ്ധ കിട്ടുന്നു അല്ലെങ്കില്‍ അമ്മയെന്നെ കെയര്‍ ചെയ്യുന്നു എന്ന തോന്നല്‍ കുഞ്ഞിന് പോസിറ്റീവ് എനര്‍ജി നല്‍കും. കഥ പറയുന്നവരോടുള്ള സ്‌നേഹവും അടുപ്പവും ബന്ധവും കൂടുന്നു. നിലവാരമുള്ള കഥാപുസ്തകങ്ങളാണ് വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലത്.
മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കാര്യമായ ജാഗ്രത പുലര്‍ത്തണം. പിച്ച വയ്ക്കുന്ന പ്രായത്തില്‍ തന്നെ നല്ല ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാം. മാതാപിതാക്കള്‍ മൊബൈല്‍/ഗാഡ്ജറ്റ് ഉപയോഗം പരമാവധി കുറയ്ക്കുക. ഉറക്കത്തിലേക്ക് വീഴും വരെ മൊബൈലിലൂടെ സോഷ്യല്‍ മീഡിയയില്‍ വ്യാപരിച്ചിരിക്കരുത്. കുടുംബവുമായുള്ള ആശയവിനിമയം കുറയുമെന്ന് മാത്രമല്ല, കുട്ടിക്ക് തെറ്റായ മാതൃക പകരലുമാണ് ഇതെന്ന് മറക്കരുത്. കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് നിങ്ങള്‍ ഏറെ അടുപ്പത്തോടെ പെരുമാറുന്ന മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടണമെന്ന് കുട്ടി വാശി പിടിക്കുന്നത്. കുട്ടികള്‍ ആദ്യം സ്‌നേഹിക്കാനും ഇടപെഴകാനും പഠിക്കട്ടെ. അതിനുള്ള അന്തരീക്ഷം അവര്‍ക്ക് നല്‍കുക.
സ്‌ക്രീന്‍ ടൈം നിശ്ചയിക്കാം
എല്ലാ സ്‌ക്രീനുകളും കുട്ടികളില്‍ നിന്ന് എടുത്തു മാറ്റുകയല്ല, അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. മൂന്ന് വയസു വരെ കുട്ടികള്‍ക്ക് സ്‌ക്രീനുകള്‍ ഒന്നും നല്‍കാതിരിക്കുക. മസ്തിഷ്‌ക വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസു വരെ ദിവസം ഒരു മണിക്കൂറിലധികം സ്‌ക്രീന്‍ നല്‍കാതിരിക്കുക.
അഞ്ചു വയസിനു ശേഷം രക്ഷിതാക്കള്‍ ഉചിതമായ രീതിയില്‍ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായം 13 വയസാണ്. എന്നാല്‍, 18 വയസ് വരെ സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കു സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നന്നേ ചെറുപ്പത്തിലേ കുട്ടികളെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്നു തിരിച്ചറിയുക.
ചികിത്സകള്‍ പരിശീലനങ്ങള്‍
മാതാപിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതില്‍ അധികം കുട്ടിയുടെ പ്രശ്‌നങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടെങ്കിലോ അത് മൂലം കുഞ്ഞിന്റെ സംസാര ശേഷിയ്ക്കോ പൊതുവായ ആശയ വിനിമയ രീതിയ്‌ക്കോ, പെരുമാറ്റ രീതികള്‍ക്കോ, ശ്രദ്ധയ്‌ക്കോ, പഠനശേഷിയ്ക്കോ സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടാല്‍ ഈ മേഖലയിലെ വിദഗ്ധരെ സമീപിക്കാന്‍ മടിക്കരുത്.
സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്
ഒരു കുട്ടിയുടെ വാക്കുകളിലൂടെയുള്ള ആശയവിനിമയ വൈകല്യത്തെ മനസ്സിലാക്കി കുട്ടികള്‍ക്ക് എങ്ങനെ ശരിയായ രീതിയിലുള്ള ആശയവിനിമയം സ്വായത്തമാക്കാം എന്നതാണ് സ്പീച്ച് തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടേയും കേള്‍വിശക്തിയും ബുദ്ധിവികാസവും അനുസരിച്ചാണ് അവരുടെ സംസാരശേഷിയും ഭാഷാപരമായ വളര്‍ച്ചയും നിലകൊള്ളുന്നത്. ഭാഷാപരമായ വളര്‍ച്ച ഏത് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്ന് മനസ്സിലാക്കി അവിടെ നിന്ന് പുതിയ വളര്‍ച്ചയ്ക്ക് വേണ്ട രീതികളാണ് സ്പീച്ച് തെറാപ്പിയില്‍ പരിശീലിപ്പിക്കുന്നത്.
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്
പ്രത്യേക പഠനരീതി എന്നതുകൊണ്ട് ഓരോ കുഞ്ഞിനെയും പലവിധത്തിലുള്ള കഴിവുകളെ മനസ്സിലാക്കി അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള വിദ്യാഭ്യാസം നേടിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. കുട്ടിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കുറവുകളെ പ്രത്യേകം കണക്കിലെടുത്താണ് വിദ്യാഭ്യാസം നല്‍കുന്നത്. ഈ പഠനരീതിക്ക് വേണ്ടി പ്രത്യേക പഠന പദ്ധതിയും പഠനോപകരണങ്ങളും ഉപയോഗിക്കുന്നു. ഈ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ മുതല്‍ വ്യക്തിവികസനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയും സ്പെഷ്യല്‍ അഥവാ റെമഡിയല്‍ അധ്യാപകര്‍ പരിശീലിപ്പിക്കുന്നു.
ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്
ഒരു കുഞ്ഞിന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രവര്‍ത്തി മേഖലകളിലും അവനെ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്നതാണ് ഈ ചികിത്സയുടെ ലക്ഷ്യം. പലവിധത്തിലുള്ള വൈകല്യങ്ങളാണ് കുഞ്ഞുങ്ങള്‍ നേരിടുന്നത്. ചില കുഞ്ഞുങ്ങളില്‍ ഇതില്‍ ചലന ബുദ്ധിമുട്ടുകള്‍ കൂടാതെ ഇന്ദ്രിയ ശക്തിയിലുള്ള കുറവുകളും അവരെ അലട്ടുന്നുണ്ടായിരിക്കും. പ്രധാനമായും നാല് വിഭാഗത്തിലാണ് പരിശീലനം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. സെന്‍സറി ഇന്റഗ്രേഷന്‍, ഹാന്‍ഡ് തെറാപ്പി, കോഗ്‌നിറ്റീവ് തെറാപ്പി, എ.ഡി.എല്‍ ട്രെയിനിങ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
ബിഹേവിയറല്‍ തെറാപ്പിസ്റ്റ്
പെരുമാറ്റങ്ങളെ സ്വാധീനിക്കുന്ന ചിന്തകളും വികാരങ്ങളും മനസ്സിലാക്കി സഹായിക്കുന്ന ആസക്തി, വിഷാദം, ഉത്കണ്ഠ എന്നിവ ഉള്‍പ്പെടെ ധാരാളം വെല്ലുവിളികളെ കൈകാര്യം ചെയ്യുന്ന പരിശീലനത്തിലൂടെ ഇവ മാറ്റിയെടുക്കാന്‍ ഒരു ബിഹേവിയറല്‍ തെറാപ്പിസ്റ്റിനു കഴിയും.
അധികൃതര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിയന്ത്രണങ്ങള്‍
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കാന്‍ പാടില്ലെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നത്. കുട്ടികള്‍ക്ക് ഫോണ്‍, ടാബ്‌ലെറ്റ്, ഗെയിം കണ്‍സോള്‍, ടിവി തുടങ്ങിയ ഡിജിറ്റല്‍ വിനോദങ്ങള്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് യു.എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും ഗവേഷകരും സ്‌ക്രീന്‍ ടൈം നിയന്ത്രണം കൊണ്ടുവരുന്നത് കുറച്ചുനാളായി നമ്മള്‍ കേള്‍ക്കാറുണ്ട്.
എല്ലാ ഡിജിറ്റല്‍ സങ്കേതങ്ങളും ലഭ്യമായിട്ടുള്ള ഈ രാജ്യങ്ങളില്‍ സ്‌ക്രീന്‍ ടൈം നിയന്ത്രണം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചതിനു പിന്നിലുള്ള പ്രധാന കാരണം ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തരഫലങ്ങളുമാണ്.
എന്നാല്‍, അഡിക്ഷനെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കാന്‍ സ്‌ക്രീന്‍ ഉപയോഗത്തിനാവും എന്ന തിരിച്ചറിവ് കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണവും ഒരു പ്രായം വരെ നിരോധനവും ഏര്‍പ്പെടുത്താന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. നമ്മുടെ നാട്ടിലും ഇതിനുള്ള നിയന്ത്രണ ഗൈഡ്ലൈനുകള്‍ കൊണ്ട് വരേണ്ടതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതിനെക്കുറിച്ചും ഭരണകര്‍ത്താക്കളും ആരോഗ്യ ശിശുക്ഷേമ വകുപ്പുകളും ശ്രദ്ധിക്കേണ്ടതുണ്ട്.