അഞ്ചാംഘട്ട ലോക്ക് ഡൗണ്‍; 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം
COVID-19
അഞ്ചാംഘട്ട ലോക്ക് ഡൗണ്‍; 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 8:13 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 കേസുകളും മരണനിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യത. ഞായറാഴ്ച നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ കൊവിഡ് വ്യാപിക്കുന്ന നഗരങ്ങളില്‍ അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ കര്‍ശനമാക്കാനാണ് സാധ്യത.

ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിക്കും.

രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്ര, ദല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലെ പതിമൂന്ന് നഗരങ്ങളില്‍ മാത്രമായി ലോക്ക് ഡൗണ്‍ തുടരുമെന്നും മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന.

മുംബൈ, ചെന്നൈ, ന്യൂദല്‍ഹി, അഹമ്മദാബാദ്, താനെ, പൂനെ ഹൈദരാബാദ്, കൊല്‍ക്കത്ത(ഹൗറ), ഇന്ദോര്‍, ജയ്പൂര്‍, ജോധ്പൂര്‍, ചെങ്കല്‍പ്പട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലായിരിക്കും അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക.

രാജ്യത്ത് വെള്ളിയാഴ്ച മാത്രം 7707 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,73,052 ആയി.

263 പേര്‍ ഇന്നലെ മാത്രം മരിച്ചതോടെ ആകെ മരണസംഖ്യ 4970 ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമതാണ്.

നാലാംഘട്ട ലോക് ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: