| Monday, 14th June 2021, 6:39 pm

ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തും; പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത് അനുസരിച്ച് പ്രാദേശികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പരിപാടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘ജൂണ്‍ 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുക, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതികളുമാണ് നടപ്പാക്കുന്നത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

പുതിയ സാഹചര്യം കണക്കിലെടുത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് തരം തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68,573 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 161 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12.7 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളിലെ ശരാരശി ടി.പി.ആര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരാഴ്ച്ചക്കിടെ ടി.പി.ആറില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍ മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ 15 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍.

Content Highlight: Lockdown strategies will change after June 16 says CM

We use cookies to give you the best possible experience. Learn more