ന്യൂദല്‍ഹി: കൊവിഡിന്റെ വ്യാപനം ഒഴിവാക്കാനുള്ള ഏക മാര്‍ഗം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പാലിച്ചു വേണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ ഉദാസീനത നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊല്ലുകയാണെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍, നിലവില്‍ രാജ്യത്ത് ലോക് ഡോണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഏറ്റവും ഒടുവില്‍ മാത്രമേ സമ്പൂര്‍ണ ലോക് ഡൗണിലേക്ക് രാജ്യം പോവുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സമയമായെന്ന് കോടതികള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (സി.എ.ഐ.ടി) ആവശ്യപ്പെട്ടിരുന്നു. കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍ ലോക്ക്ഡൗണിനെ സാധ്യമാകൂവെന്നും സി.എ.ഐ.ടി പറഞ്ഞിരുന്നു.
തങ്ങള്‍ നടത്തിയ സര്‍വേയില്‍ 67 ശതമാനം പേരും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും സി.എ.ഐ.ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇക്കാര്യം സി.എ.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ലോക്ക്ഡൗണ്‍ ആവശ്യവുമായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും രംഗത്തെത്തിയിരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂകളും കൊണ്ട് മാത്രം കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ പോലെ ചിലയിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക