| Monday, 22nd February 2021, 8:06 am

കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍: ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്.

‘ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നാണോ? നിങ്ങള്‍ അടുത്ത എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂ,’ ഉദ്ദവ് താക്കറെ പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കൊവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച മാത്രം 6000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 6,971 കേസുകളും 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ മുംബൈയില്‍ മാത്രം 900ത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.

‘കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുകയാണ്. നേരത്തെ 2000-2500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അത് 7000ത്തിനടുത്തെത്തി. ആക്ടീവ് കേസുകളുടെ എണ്ണം 40,000ത്തില്‍ നിന്നും ഒറ്റയടിക്ക് 53,000ത്തിലെത്തി. കഴിഞ്ഞ വര്‍ഷം കൊവിഡ് കേസുകള്‍ ഏറ്റവും വര്‍ധിച്ച സമയത്ത് ഉണ്ടായിരുന്നതിന് തുല്യമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍. ഇപ്പോള്‍ കൊവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുന്ന സമയത്ത് എത്ര കേസുകളായിരിക്കും റിപ്പോര്‍ട്ട ചെയ്യുകയെന്ന് ആലോചിച്ച് നോക്കൂ. കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേ തീരൂ,’ ഉദ്ദവ് താക്കറെ പറഞ്ഞു.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തദ്ദേശ ഭരണകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മുന്‍കൂട്ടിയറിച്ചു മാത്രമേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളൂവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. അമരാവതി, അകോല തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ദിവസം മുന്‍പ് അറിയിപ്പ് നല്‍കിയ ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി പേര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ-മത-സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായും താക്കറെ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Lock down in Maharashtra within 8-15 days if the Covid cases raises says CM Uddhav Thackeray

Latest Stories

We use cookies to give you the best possible experience. Learn more