ന്യൂദല്‍ഹി: 21 ദിവസത്തെ ലോക് ഡൗണ്‍ നീട്ടില്ലെന്ന് അറിയിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. പ്രസാര്‍ ഭാരതി ന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്.
കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്ത തെറ്റാണെന്നും ഇത് സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയെ സമീപിച്ചെന്നും പി.ബി.എന്‍.എസ് ട്വീറ്റ് ചെയ്തു.
സര്‍ക്കാരിന് ഒരുതരത്തിലും 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടാന്‍ താത്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചതായി പി.ബി.എന്‍.എസ് പറഞ്ഞു.
‘ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് ന്യൂസ് ആര്‍ട്ടിക്കിള്‍ കണ്ടതിനെ സംബന്ധിച്ച് പി.ബി.എന്‍.എസ് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയെ സമീപിച്ചിരുന്നു, കാബിനറ്റ് സെക്രട്ടറി വാര്‍ത്ത കണ്ട് അത്ഭുതപ്പെടുകയും സര്‍ക്കാരിന് ലോക്ഡൗണ്‍ നീട്ടാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു,’ പി.ബി.എന്‍.എസ് ട്വീറ്റ് ചെയ്തു.
FAKE NEWS ALERT 🚨
PBNS got in touch with the Cabinet Secretary on this news article.
The Cabinet Secretary expressed surprise & said that there is no such plan of extending the lockdown. https://t.co/CrLlp6f7X5
— Prasar Bharati News Services (@PBNS_India) March 30, 2020
കൊവിഡ് 19നെ ചെറുക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പൊതു ഗതാഗതമടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കി. അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ രാജ്യ തലസ്ഥാനത്തു നിന്നും തങ്ങളുടെ ജന്മസ്ഥലത്തേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാതങ്ങളോളം നടന്നാണ് ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പശ്ചിമ ബംഗാളിലേക്കും യാത്ര ചെയ്യുന്നത്.
ഇത് കൊവിഡ് പടരുന്നതിന്റെ സാധ്യത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1,100 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 30 ഓളം പേര്‍ മരിക്കുകയും ചെയ്തു.