തലശ്ശേരി: കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് അതിഥി തൊഴിലാളികളുടെ ആറ് വയസുകാരനായ കുട്ടിയെ ചവിട്ടിയ ദാരുണമായ സംഭവമാണ് പൊതു സമൂഹത്തിലാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
കുട്ടിക്കെതിരെ അതിക്രമം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലും പ്രശംസനീയമാണ്. തലശ്ശേരിയിലെ നാട്ടുകാര്‍ തന്നെയാണ് ബലൂണ്‍ വിറ്റ് ഉപജീവനം നടത്തുന്ന അതിഥി തൊഴിലാളി കുടുംബത്തിന് തുണയായതും ബാലനെ ആക്രമിച്ച സംഭവം നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും.
കാറില്‍ ചാരിനിന്ന കുട്ടിയെ മുഹമ്മദ് ശഹ്ഷാദ് എന്ന പൊന്ന്യംപാലം സ്വദേശി ചവിട്ടിയത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിച്ചുവെന്ന ന്യായമാണ് ഉന്നയിച്ചത്. പിന്നാലെ നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഈ സമയത്ത് അതുവഴി വന്ന യുവ അഭിഭാഷകനാണ് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഇടപെടല്‍ നടത്തിയതും, പൊലീസിന് പരാതി നല്‍കിയതും. അദ്ദേഹം തന്നെയാണ് ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ആ കുഞ്ഞിന് കാവല്‍ നിന്നതും, സി.സി.ടി.വി ഫൂട്ടേജ് എടുക്കാന്‍ പൊലീസിനെ സഹായിച്ചതുമെല്ലാം.
ആരുമില്ലാതെ നിസ്സഹായാവസ്ഥയില്‍ നിന്ന അതിഥി തെഴിലാളി കുടുംബത്തിന് തുണയായ യുവ അഭിഭാഷകനും സി.പി.ഐ.എം പ്രവര്‍ത്തകനുമായ എം.കെ. ഹസ്സന്റെ വാക്കുകള്‍:
‘വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള മണവാട്ടി ജങ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ വന്നപ്പോഴാണ് ഒരു പിഞ്ചു ബാലനും പിതാവും സ്ലാബിന് മുകളിലിരുന്ന് കരയുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് കാറില്‍ ചാരിയതിന് വയറിലും പുറത്തും ഒരാള്‍ കുട്ടിയെ ചവിട്ടിയത് അറിഞ്ഞത്.
ഓട്ടോ ഡ്രൈവര്‍മാരടക്കം നിരവധിപേര്‍ വിവരമറിഞ്ഞ് എത്തിയിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ ഭയപ്പെട്ട അവര്‍ പുറത്തുപോയി. അന്വേഷിച്ച് തിരികെ എത്തിച്ച് ഞാന്‍ വക്കീലാണെന്നും എല്ലാ നിയമസഹായവും നല്‍കാമെന്നും അവര്‍ക്ക് ഉറപ്പു നല്‍കി. കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ നിന്നാണ് എക്സറേയും സ്‌കാനിങ്ങും എടുത്തത്. സി.സി.ടി.വി ഫൂട്ടേജ് എടുക്കാനും പൊലീസിനെ സഹായിച്ചു,’ എം.കെ. ഹസ്സന്‍ പറഞ്ഞു.
എം.കെ. ഹസ്സന്‍ തലശ്ശേരിയിലെ യുവ അഭിഭാഷകനും മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും മുന്‍ എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറിയുമാണ്.
അതേസമയം, കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശഹ്ഷാദിനെ അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് രാത്രി വിട്ടയച്ചുവെന്ന വിമര്‍ശനവും മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ട്.