| Wednesday, 26th April 2023, 10:30 am

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ റിഫൈനറിക്കെതിരെ സമരവുമായി നാട്ടുകാര്‍; 111 പേരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രത്‌നഗിരി: മഹാരാഷ്ട്ര രത്‌നഗിരി ജില്ലയിലെ ബര്‍സു ഗ്രാമത്തില്‍ ആരംഭിക്കുന്ന രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് പ്രോജക്ടിനെതിരെ (ആര്‍.ആര്‍.എല്‍.പി) പ്രതിഷേധവുമായി നാട്ടുകാര്‍. പ്രോജക്ടിനായുള്ള സര്‍വേക്കെതിരെ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ജനങ്ങളുടെ എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തില്‍ സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് എന്‍.സി.പി നേതാവ് സഞ്ജയ് റാവത്ത്, കോണ്‍ഗ്രസ് നേതാവ് ബാലാ സാഹിബ് തോറാട്ട് എന്നിവര്‍ സംസ്ഥാനത്തെ ബി.ജെപി-ശിവസേന (ഷിന്‍ഡേ വിഭാഗം) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

പദ്ധതിക്കെതിരെ പ്രതിഷേധിച്ച 111 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പദ്ധതി പ്രദേശത്ത് സര്‍വേ നടപടികള്‍ക്കായെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞുവെന്നും ഉദ്യോഗസ്ഥരുടെ വണ്ടികള്‍ ഗ്രാമത്തിലേക്ക് കടക്കാതിരിക്കാന്‍ വഴിയില്‍ കിടന്നുകൊണ്ട് പ്രതിഷേധിച്ചെന്നുമാണ് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. 1800ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.

നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപശ്രമം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ബുധനാഴ്ച രത്‌നഗിരിയിലെ രാജപ്പൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊങ്കണ്‍ തീരദേശ മേഖലയോട് ചേര്‍ന്ന ബര്‍സു ഗ്രാമത്തില്‍ റിഫൈനറി വരുന്നത് മേഖലയുടെ ജൈവവൈവിധ്യത്തെയും തങ്ങളുടെ ഉപജീവനത്തെയും ബാധിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

സൗദി ആരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ സഹായത്തോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവക്കായി മെഗാ റിഫൈനറിയും പെട്രോകെമിക്കല്‍ പ്ലാന്റും സ്ഥാപിക്കുന്ന പദ്ധതിയാണ് ആര്‍.ആര്‍.എല്‍.പി. പദ്ധതിക്കായി നിലവില്‍ 20 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Content Highlights: Locals strike against refinery in Maharashtra’s Ratnagiri; 111 people were arrested

We use cookies to give you the best possible experience. Learn more