തൊടുപുഴ: അരിക്കൊമ്പന്‍ ഫാന്‍സ് പ്രതിനിധികളെ ചിന്നക്കനാല്‍ നിവാസികള്‍ തടഞ്ഞതായി പരാതി. 301 കോളനി സന്ദര്‍ശിക്കാന്‍ എത്തിയ മൃഗസംരക്ഷണ സംഘടനയായ അനെക്കിന്റെ(അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി) പ്രതിനിധികളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്.
നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും അരിക്കൊമ്പന്‍ ഫാന്‍സ് പ്രതിനിധികള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പ്രദേശവാസികള്‍ നിഷേധിച്ചു. തങ്ങളുടെ അവസ്ഥ അവരെ ബോധ്യപ്പെടുത്തുന്നതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഘടനയുടെ ഏഴംഗ സംഘമാണ് ചിന്നക്കനാലിലെത്തിയിരുന്നത്. അരിക്കൊമ്പന്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങി നടന്നിരുന്ന 301 കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് മനോര ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ സംഘടനാ പ്രതിനിധികള്‍ മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള സമരത്തിന് 301 കോളനിക്കാരായ ആദിവാസികളെ ക്ഷണിക്കാനാണ് തങ്ങള്‍ എത്തിയതെന്നാണ് അരിക്കൊമ്പന്‍ ആരാധകര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സിങ്കുകണ്ടത്ത് നിന്ന് 301 കോളനിയിലേക്കുള്ള വഴിയിലേക്ക് കയറുന്നതിന് മുമ്പ് ഇവരെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവമറിഞ്ഞ് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരു കൂട്ടരും പിരിഞ്ഞുപോയിരുന്നു.
Content Highlight: Locals stopped Arikomban fans in Chinnakanal