മലപ്പുറം: ഇന്‍ഷുറന്‍സ് തീര്‍ന്നെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്.ഐയെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതുസംബന്ധിച്ച് മലപ്പുറത്ത് നിന്നുള്ള വീഡിയോ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്.ഐയെയാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്.
ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്.ഐ. ഫോണ്‍ നല്‍കാത്തതും ദൃശ്യത്തിലുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഹെല്‍മെറ്റ് ഇല്ലെന്ന്
പറഞ്ഞ് പൊലീസ് വാദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മൊബൈല്‍ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും യാത്രക്കാരന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.
ഒടുവില്‍ ഫോണ്‍ തിരിച്ചുകൊടുത്ത് സംസാരത്തിന് നില്‍ക്കാതെ സ്ഥലം വിടുന്ന പൊലീസുകാരുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസത്തിലായ പൊതുജനത്തിനെതിരെയുള്ള പൊലീസിന്റെ പൊരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ വീഡിയോ പുറത്തുവരുന്നത്.
നേരത്തെ കൊല്ലം ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട സംഭവം ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാര്‍ഥി ഗൗരി നന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്തു അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ വില്‍ക്കാനുള്ള മീന്‍ പൊലീസ് നശിപ്പിച്ചതും വലിയ വാര്‍ത്തായിരുന്നു.