ഷഹീന്‍ബാഗിലും ബുള്‍ഡോസര്‍ രാജ്; ഇടിച്ചുനിരത്തലിന് പൊലീസിന്റെയും സഹായം; തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികള്‍
national news
ഷഹീന്‍ബാഗിലും ബുള്‍ഡോസര്‍ രാജ്; ഇടിച്ചുനിരത്തലിന് പൊലീസിന്റെയും സഹായം; തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 12:49 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തം.

ദല്‍ഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിടം പൊളിക്കലിനെതിരെയാണ് ഷഹീന്‍ബാഗിലെ പ്രദേശവാസികള്‍ തന്നെ പ്രതിഷേധിക്കുന്നത്.

കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ എത്തിയ ബുള്‍ഡോസറുകള്‍ തടഞ്ഞുകൊണ്ട് റോഡില്‍ ഇരുന്നാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.

പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഭരണകൂടത്തിന്റെ ഇടിച്ചുനിരത്തലിന് വഴിയൊരുക്കാന്‍ പാരാമിലിറ്ററി സേനയും പ്രദേശത്തെത്തിയിട്ടുണ്ട്.

ഷഹീന്‍ബാഗിലെ മെയിന്‍ റോഡ് മുഴുവന്‍ കവര്‍ ചെയ്തുകൊണ്ട് ജസോല കനാല്‍ മുതല്‍ കാളിന്ദി കുഞ്ച് പാര്‍ക്ക് വരെയാണ് ഭരണകൂടം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇടിച്ചുനിരത്തല്‍ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിക്ക് മുമ്പില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തിയത്. ബി.ജെ.പിയാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്.

അതേസമയം, പ്രാദേശിക രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ അണിനിരക്കുകയും പൊളിക്കല്‍ നടപടികള്‍ തടയുകയും ചെയ്യുന്നുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു നേരത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര പൊലീസ് സേന ലഭ്യമാകാത്തത് കാരണം പൊളിക്കല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു.

അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണെന്നാരോപിച്ചാണ് ഷഹീന്‍ബാഗില്‍ ഭരണകൂടം ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹിയിലെ ജഹാംഗീര്‍പുരി എന്നിവിടങ്ങളിലും മുസ്‌ലിങ്ങളുടെ വീടുകളും കടകളും ഇത്തരത്തില്‍ പൊലീസ് സഹായത്തോടെ പൊളിച്ചുമാറ്റിയിരുന്നു.

Content Highlight: Locals protest in Shaheen Bagh against Demolition Drive of Delhi Municipal Corporation using bulldozer