പറഞ്ഞ് പറ്റിച്ച് പരിപാടിയില്‍ പങ്കെടുപ്പിച്ചു; ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ജനങ്ങള്‍
national news
പറഞ്ഞ് പറ്റിച്ച് പരിപാടിയില്‍ പങ്കെടുപ്പിച്ചു; ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th March 2018, 4:04 pm

ശ്രീനഗര്‍: തങ്ങളെ കബളിപ്പിച്ചാണ് പൈഗാം ഇ മൊഹബത്തേ പരിപാടിക്ക് കൊണ്ടുവന്നതെന്നാരോപിച്ച് ജനങ്ങള്‍ ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം തടസപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ഇവിടെ സംഘടിപ്പിച്ചത്.

ജനങ്ങള്‍ക്ക് ജോലി നല്‍കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുന്ന വേദിയില്‍ പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നും ജനങ്ങള്‍ക്ക് വാക്ക് നല്‍കിയായിരുന്നു പരിപാടിക്ക് എത്തിച്ചത്.


Related News: രാമക്ഷേത്ര വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാവുമെന്ന് ശ്രീ ശ്രീ രവി ശങ്കര്‍


 

പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതും ജനങ്ങളെ പ്രകോപിതരാക്കി. തുടര്‍ന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

പ്രസംഗത്തിനിടെ ജനങ്ങള്‍ ആസാദി മുദ്രാവാക്യവും മുഴക്കുന്നുണ്ടായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ആറുമിനിറ്റ് മാത്രമേ രവിശങ്കറിന് പ്രസംഗിക്കാനായൊള്ളൂവെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയിലേക്ക് കൊണ്ടുവന്നതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.