| Friday, 27th November 2020, 2:19 pm

'സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അറുമുഖം കാഫിര്‍, വോട്ട് ലീഗിന്'; മാപ്പ് പറയിപ്പിച്ച് നാട്ടുകാര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ച ആളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാര്‍. മലപ്പുറം കരുവാരക്കുണ്ടിലാണ് മതം പറഞ്ഞ് വോട്ടുചോദിച്ചയാളെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പ് പറയിപ്പിച്ചത്.

കരുവാരക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അറുമുഖനെതിരെയാണ് വര്‍ഗീയ പ്രചാരണം നടന്നത്. അറുമുഖന്‍ ‘കാഫിര്‍’ ആയതിനാല്‍ മുസ്‌ലീം സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യണമെന്ന് ലീഗ് പ്രവര്‍ത്തകന്‍ ബന്ധു വീട്ടില്‍ എത്തി പറയുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി മാപ്പുപറയിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോയില്‍ ‘ഇനി പറയില്ല. തെറ്റുപറ്റി’ എന്ന് ഇയാള്‍ പറയുന്നുണ്ട്. സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായ അറുമുഖനാണ് പ്രദേശത്ത് പള്ളിക്കായി സ്വന്തം സ്ഥലം വിട്ടുകൊടുത്തതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.

‘അറുമുഖം ഹിന്ദുവാണ്. മറ്റവന്‍ മുസ്‌ലീമാണ്. അവന് വോട്ടു ചെയ്യണം’ എന്നാണ് നിങ്ങള്‍ പറഞ്ഞത്. മര്യാദയ്ക്ക് രാഷ്ട്രീയം പറ. അല്ലാത വേണ്ടാത്തരം പറയരുത്. ഞങ്ങള്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ പോകുകയാണ്, എന്നും വീഡിയോയില്‍ നാട്ടുകാര്‍ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് രാഷ്ട്രീയം പറയാമല്ലോ. മതം പറയേണ്ട ആവശ്യം എന്താണ്? കുഞ്ഞാപ്പു നിസ്‌കരിക്കും അറുമുഖം നിസ്‌കരിക്കില്ല എന്നോ? ഞാനും മുസ്‌ലീമാണ് കാക്കാ. അഞ്ച് നേരം നിസ്‌കരിക്കുന്നവനാണ്. നിസ്‌കാരത്തഴമ്പുണ്ട്. അവനുമുണ്ട്. മനുഷ്യരെ മനുഷ്യരായി കാണുന്ന ആളുകളാണ് ഞങ്ങള്‍’, എന്നും വീഡിയോയില്‍ പറയുന്നു.

തുടര്‍ന്ന് സ്‌ക്കൂട്ടറില്‍ എത്തിയ വ്യക്തി മാപ്പ് പറഞ്ഞുകൊണ്ട് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Locals in Malapuram ask Muslim League supporter to apologize for asking for votes on religious grounds and calling CPIM candidate a Kafir, Viral Video

We use cookies to give you the best possible experience. Learn more