തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
Kerala News
തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 9:25 am

തിരുവന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രത്യേക മന്ത്രിസഭാ യോഗമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരുന്നത്. .

2019ലും സമാനമായ സാഹചര്യം സര്‍ക്കാരിന് നേരിടേണ്ടി വന്നിരുന്നു. 2019ല്‍ വാര്‍ഡ് വിഭജനത്തിനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയെങ്കിലും ആ ഓര്‍ഡിനന്‍സും ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചാണ് ബില്‍ പാസാക്കിയത്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് കാരണം വിഭജനം വേണ്ടെന്ന് വെക്കുകയായിരുന്നു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

ജൂണ്‍ പത്ത് മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറാനിരിക്കുകയായിരുന്നു സര്‍ക്കാര്‍. സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ വേണ്ടി ജൂലൈ മാസം അവസാനം വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. ബജറ്റ് സമ്മേളനം ആയതിനാൽ ബിൽ പാസാക്കാനും സർക്കാരിന് സാധിക്കില്ല. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.

Content Highlight: Local Ward Redistribution Ordinance sent back by Governor